പ്രേം സാഗറിന്റെ വീട്ടില്‍ യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി; ഒരുക്കങ്ങള്‍ വിവാദത്തില്‍

0
4

ഡല്‍ഹി: പാക്കിസ്ഥാൻ സൈനികർ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ വീട്ടില്‍  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി. പക്ഷെ, ജവാന്റെ കുടുംബത്തിന് കൂടുതല്‍ ദു:ഖവും അപമാനവും നല്‍കുന്നതായിരുന്നു യോഗിയുടെ സന്ദര്‍ശനം.

യുപിയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്.  ജവാന്റെ വീട്ടില്‍ യോഗിയുടെ സന്ദര്‍ശനാര്‍ഥം വലിയ തരത്തില്‍ വി.ഐ.പി ഒരുക്കങ്ങള്‍ നടത്തി. എ.സിയും സോഫകളും കര്‍ട്ടനുകളും കാര്‍പറ്റും പ്രത്യേക കസേരകളും സജ്ജമാക്കി. വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനായി ജനറേറ്റര്‍ സംവിധാനവും ഒരുക്കി. പ്രാദേശിക ഭരണകൂടമാണ് ജവാന്റെ വീട്ടില്‍ എല്ലാം ഒരുക്കി നല്‍കിയത്.

25 മിനുട്ട് നേരം ചെലവഴിച്ച് മുഖ്യമന്ത്രി തിരിച്ചുപോയതിനു പിന്നാലെ  കൊണ്ടുവച്ച സാധനങ്ങളെല്ലാം പോവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഭവം തങ്ങള്‍ക്ക് ഏറെ മനോവേദനയുണ്ടാക്കിയെന്ന് ജവാന്റെ സഹോദരന്‍ ദയ ശങ്കര്‍ പറഞ്ഞു. വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്ന ഉറപ്പും.

LEAVE A REPLY

Please enter your comment!
Please enter your name here