ഡല്‍ഹി: വൈദ്യശാസ്ത്രം, സ്പോര്‍ട്സ്, ടൂറിസം മുതലായ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ ക്യൂബക്ക് താല്‍പ്പര്യമുണ്ടെന്ന് ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ഓസ്കാര്‍ മാര്‍ടിനെസ് കൊര്‍ഡോവ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യൂബന്‍ അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്.

വൈദ്യശാസ്ത്ര രംഗത്ത് ക്യൂബ കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും അംബാസഡറും ചര്‍ച്ച ചെയ്തു. ലോകത്ത് രോഗി- ഡോക്ടര്‍ അനുപാതം ഏറ്റവും കുറഞ്ഞ രാജ്യമാണ് ക്യൂബ-155:1. വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിലും ക്യൂബ വലിയ പുരോഗതി നേടിയിട്ടുണ്ട്. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ ക്യൂബയില്‍ പോകുന്നുണ്ട്. കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരെ ക്യൂബയില്‍ അയച്ച് പരിശീലിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്പോര്‍ട്സ് പരിശീലകരെ ക്യൂബയില്‍ അയച്ച് പരിശീലിപ്പിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

ടൂറിസം മേഖലയില്‍ ക്യൂബ വലിയ നിക്ഷേപം നടത്തിക്കൊണ്ടിരിക്കയാണ്. ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി കേരളീയര്‍ക്കും വിദേശത്ത് മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ള സംരംഭകര്‍ക്കും ക്യൂബയില്‍ ടൂറിസം രംഗത്ത് നിക്ഷേപം നടത്താന്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്ന് അംബാസഡര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. സ്ഥലം പാട്ടത്തിന് നല്‍കാന്‍ ക്യൂബ തയാറാണ്. കേരള ജനതക്ക് ക്യൂബയുമായുള്ള വൈകാരിക-രാഷ്ട്രീയ അടുപ്പം അദ്ദേഹം എടുത്തുപറഞ്ഞു.

അമേരിക്കന്‍ വിസയുള്ളവര്‍ക്ക് ക്യൂബ സന്ദര്‍ശിക്കാന്‍ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കും. ഓണ്‍ലൈനില്‍ തന്നെ വിസ അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. അമേരിക്കയിലുള്ള മലയാളികള്‍ക്ക് ഇത് പ്രയോജനപ്പെടും. അമേരിക്കയില്‍ നിന്ന് നാല്‍പ്പതു മിനുട്ടുകൊണ്ട് ക്യൂബയിലെത്താന്‍ കഴിയും.

കൂടിക്കാഴ്ചയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി എസ് സെന്തില്‍, ഡല്‍ഹിയിലെ റസിഡന്‍റ് കമീഷണര്‍ ബിശ്വാസ് മേത്ത എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here