ജയ്പുര്‍ : തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ഭാരതീയ െ്രെടബല്‍ പാര്‍ട്ടി(ബിടിപി)യുടെ രണ്ട് എംഎല്‍എമാര്‍ അശോക് ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പില്‍ ദുന്‍ഗര്‍പൂരിലെ ബിടിപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് പിന്തുണച്ചത്.
കോണ്‍ഗ്രസ് പിന്തുണയില്‍ ഒരു വോട്ടിനാണ് ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൂര്യ അഹാരി വിജയിച്ചത്. തദ്സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസ് ചതിച്ചെന്ന് ആരോപിച്ചാണ് ബിടിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒന്നാണെന്നും രാജസ്ഥാന് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ബിടിപി സ്ഥാപക നേതാവ് ഛോട്ടുഭായി വസവ അറിയിച്ചു. ‘കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും വിശ്വാസവഞ്ചനയാണെന്നും ബിടിപി വിശേഷിപ്പിച്ചു. ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും അവര്‍ പറഞ്ഞു.
ബിടിപിക്ക് രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. സച്ചിന് പൈലറ്റ് വിവാദത്തിലും രാജ്യസഭ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം ഇവര്‍ ഉറച്ച് നിന്നിരുന്നു. എന്നാല്‍, 200 അംഗ രാജസ്ഥാന് നിയമസഭയില്‍ 105 എംഎല്‍എമാരുള്ള അശോക് ഗെലോട്ട് സര്‍ക്കാരിനു രണ്ട് എംഎല്‍എമാരുടെ പിന്തുണയില്ലെങ്കിലും ഭരണം തുടരാനാവും. ഇവരില്‍ 19 പേര് സച്ചിന് പൈലറ്റിനൊപ്പം നില്‍ക്കുകയും അയോഗ്യത നോട്ടീസ് ലഭിക്കുകയും ചെയ്തവരാണ്. ഗെലോട്ട് സര്‍ക്കാര്‍ 2023 വരെ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി നേരത്തേ വ്യക്തമാക്കിയിരുന്നു. 105 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ 13 സ്വതന്ത്ര എംഎല്‍എമാരുടെയും ഒരു ആര്‍എല്‍ഡി അംഗത്തിന്റെയും പിന്തുണ കോണ്‍ഗ്രസിനുണ്ട്. 2018ലെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാരാണ് കോണ്‍ഗ്രസ് 105 എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നത്. ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ആകെയുള്ള 121 എംഎല്‍എമാരില്‍ 21 പേര് മന്ത്രിമാരാണ്. സര്‍ക്കാറിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താന്‍ 30 പേരെയെങ്കിലും മന്ത്രിപദവിയിലെത്തിച്ച് മന്ത്രിസഭാ വികസനം നടത്തുമെന്നാണ് സൂചന.
രാജസ്ഥാനില്‍ ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ആകെയുള്ള 4,371 സീറ്റുകളില്‍ 1,989 സീറ്റുകള്‍ ബിജെപി നേടി. 222 പഞ്ചായത്ത് സമിതികളില്‍ 1,852 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 439 സീറ്റുകള്‍ നേടി. എന്‍ഡിഎയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) 60 സീറ്റുകളും സിപിഎം 26 സീറ്റുകളും നേടി. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ 21 ജില്ലാ പരിഷത്തുകളിലായി 353 സീറ്റുകളില്‍ ബിജെപി ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിനു 252ഉം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ യഥാക്രമം 18, ആര്‍എല്‍പി 10, സിപിഎം 2 സീറ്റുകള്‍ വീതവും നേടി. 21 സില പരിഷങ്ങളില് 14 എണ്ണവും ബിജെപിക്കാണ്. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നാലിലും മേയര്‍ പദവി കോണ്‍ഗ്രസിനു നഷ്ടപ്പെട്ടിരുന്നു.