സ്വന്തം ജീവനെക്കുറിച്ച് ചിന്തിച്ചില്ല, ട്രെയിനില്‍ നിന്നു ചാടി, ഇല്ലായിരുന്നെങ്കില്‍ ഒരു യുവതി കൂടി…

0

ചെന്നൈ: തിങ്കളാഴ്ച രാത്രി, സമയം 11.45. ചെന്നൈ ബീച്ചിലേക്കുള്ള ട്രെയിന്‍ ചിന്താട്രിപെറ് സ്‌റ്റേഷനില്‍ നിന്നു നീങ്ങി തുടങ്ങി. അടുത്ത ബോഗിയില്‍ നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കുന്നു. ഒരു ബോഗിയില്‍ നിന്ന് മറ്റൊന്നിലേക്ക് യാത്രക്കാര്‍ക്ക് പോകാന്‍ കഴിയില്ല. നിലവിളി കേള്‍ക്കുന്നിടത്തെത്താന്‍ ഒരു മാര്‍ഗവുമില്ലാതെ നില്‍ക്കുമ്പോഴാണ് ട്രെയിനിന്റെ വേഗത കുറഞ്ഞത്.
റെയില്‍വേ പ്രൊട്ടെക്ഷന്‍ ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ ശിവാജി ഒന്നും ആലോചിച്ചു നിന്നില്ല. ചാടിയിറങ്ങി നിലവിളി കേട്ട കമ്പാര്‍ട്ടുമെന്റിലേക്ക് വലിഞ്ഞു കയറി. ശിവജിയുടെ ധീരമായ പ്രവര്‍ത്തി ഒരു സ്ത്രീയുടെ മാനം രക്ഷിച്ചു. 25 കാരിയായ യാത്രക്കാരിയെ ക്രൂരമായി ആക്രമിച്ചുകൊണ്ടിരുന്ന എസ്. സത്യരാജിനെ മല്‍പിടുത്തത്തിലൂടെയാണ് ശിവജി കീഴ്‌പ്പെടുത്തിയത്.

ഒരു ലക്ഷവും ധീരതയ്ക്കുള്ള മെഡലും…

സഞ്ചരിക്കുന്ന ട്രെയിനിലെ പീഡനശ്രമം തടഞ്ഞ് യുവതിയെ സംരക്ഷിച്ച ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ശിവജിക്ക് ഒരു ലക്ഷം രൂപയും ധീരതയ്ക്കുള്ള മെഡലും റെയില്‍വേ മന്ത്രി പീയുഡ് ഗോയല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 23ന് രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രെയിനില്‍ രാത്രി പെട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്നതിനിടെയാണ് സാഹസികമായി യുവതിയെ രക്ഷിച്ചത്.
ശിവജിയുടെ ധീരമായ ഇടപെടല്‍ യുവതി വിശദീകരിച്ചതിനു പിന്നാലെ ഐ.ജി.പി മാണിക്യവേല്‍ 5,000 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

സത്യരാജിന്റെ ആക്രമണ ശ്രമത്തില്‍ ചുണ്ടുകള്‍ മുറിഞ്ഞ്, വസ്ത്രങ്ങള്‍ കീറിയ നിലയില്‍ അബോധാവസ്ഥയിലായിരുന്നു ഇരുപത്തിയഞ്ചുകാരി. രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലെത്തിച്ച്, അടിയന്തര ചികിത്സയ്ക്ക് വിധേയാക്കിയ യുവതി ഉന്നതപോലീസ് ഉദ്യോഗസ്ഥരോട് താന്‍ നേരിട്ടതും ശിവജി രക്ഷിച്ചതും വിശദീകരിച്ചു. അക്രമിയായ വേളച്ചേരി സ്വദേശി സത്യരാജിനെ എഗ്മൂര്‍ റെയില്‍വേ പോലീസിന് കൈമാറി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here