പട്‌ന : പൂർണിയ സെൻട്രൽ ജയിലിലെ തടവുകാർക്ക് ജയിലിനകത്ത് എടിഎം സൗകര്യമൊരുക്കാൻ തീരുമാനിച്ച് ബിഹാർ സർക്കാർ. ജയിൽ ഗേറ്റിനടുത്തുള്ള എടിഎം കൗണ്ടറിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത ജയിലിനകത്ത് എടിഎം കൗണ്ടറുള്ള ആദ്യത്തെ സെൻട്രൽ ജയിലാകും പൂർണിയ.

എടിഎം സ്ഥാപിക്കുന്നതിനായുള്ള അപേക്ഷ എസ്ബിഐക്ക് സമർപ്പിച്ചിട്ടുണ്ടെന്നും പതിനാല് ദിവസത്തിനകം ജയിലിനകത്ത് എടിഎം പ്രവർത്തനം ആരംഭിക്കുമെന്നും പൂർണിയ സെൻട്രൽ ജയിൽ സൂപ്രണ്ട് ജിതേന്ദ്ര കുമാർ അറിയിച്ചു. 2019 ജനുവരി വരെ ജയിൽ അന്തേവാസികൾക്കുള്ള വേതനം ചെക്കുകളിലൂടെയാണ് കൈമാറിയിരുന്നത്. എന്നാൽ ഇപ്പോൾ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ചെയ്യുന്നത്. ഇതുമൂലം ജയിൽ ഗേറ്റിനടുത്തുള്ള എടിഎം കൗണ്ടറിലെ തിരക്ക് വർദ്ധിച്ചു. എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സൂപ്രണ്ട് ജിതേന്ദ്ര കുമാർ വ്യക്തമാക്കി.

അന്തേവാസികളിൽ 600 പേർക്കും വിവിധ ബാങ്കുകളിലായി അക്കൗണ്ട് ഉണ്ട്. അതിൽ 400 പേർക്ക് എടിഎം കാർഡ് ലഭിച്ചെന്നും ബാക്കിയുള്ളവർക്ക് വൈകാതെതന്നെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 52 രൂപ മുതൽ 103 രൂപ വരെയാണ് ജയിൽ അന്തേവാസികൾക്ക് പ്രതിദിന വേതനമായി ലഭിക്കുന്നത്. കുടിൽ വ്യവസായം ജയിലിൽ വരുന്നതോടെ വരുമാനം വർദ്ധിക്കും. അതോടെ പണം പിൻവലിക്കാനുള്ള മാർഗ്ഗവും അനായാസമാക്കാനാണ് സർക്കാരിന്റെ തീരുമാനം. തടവുകാർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ ഇത് ഉപയോഗപ്രദമാകും. ജയിൽ സൂപ്രണ്ട് അറിയിച്ചു.

ബിഹാറിൽ ഏറ്റവുമധികം തടവുകാരുള്ളത് പൂർണിയ സെൻട്രൽ ജയിലിലാണ്. 750 തടവുകാർ അടക്കം 1900 അന്തേവാസികളാണ് അവിടെയുള്ളത്. അതിൽ 56 സ്ത്രീകളുമുണ്ട്. സർക്കാരിന്റെ ഈ തീരുമാനം വലിയ മാറ്റം കൊണ്ടുവരുമെന്ന് ജിതേന്ദ്ര കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here