കൊല്‍ക്കത്ത: കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച ശേഷം പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ ഭോല്‍പ്പൂരില്‍ ബിജെപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാ.

സി‌എ‌എ എപ്പോള്‍ നടപ്പാക്കുമെന്ന ചോദ്യത്തിന്, “സി‌എ‌എയുടെ വ്യവസ്ഥകള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല, കോവിഡിന്റെ സാഹചര്യത്തില്‍ അത്ര വലിയൊരു പ്രക്രിയ ഇപ്പോള്‍ നടപ്പാക്കാനാകില്ല. അതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുകയും കോവിഡിന്റെ വ്യാപനത്തെ ചെറുക്കാന്‍ കഴിയുകയും ചെയ്യുമ്ബോള്‍ തീര്‍ച്ചയായും സിഎഎ നടപ്പാക്കുന്നത് പരിഗണിക്കും. അത് സംഭവിക്കുമ്ബോള്‍ നിങ്ങളെ അറിയിയ്ക്കും,” എന്നായിരുന്നു അമിത് ഷായുടെ മറുപടി.

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കെതിരെ കല്ലേറുണ്ടായ സംഭവത്തില്‍ സുരക്ഷാ ചുമതലയുള്ള ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തിനെ കുറിച്ചുള്ള ഇന്ത്യന്‍ എക്‌സ്‌പ്രസ് പ്രതിനിധിയുടെ ചോദ്യത്തിന്, സുരക്ഷാവീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനുള്ള എല്ലാ അധികാരവും കേന്ദ്രത്തിനുണ്ടെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.

“കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്ത് പൂര്‍ണ്ണമായും നിയമപരവും, ഭരണഘടനാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ്. ഇത് ഫെഡറല്‍ ഘടനയുടെ വ്യവസ്ഥകള്‍ക്കുള്ളില്‍ വരുന്നതാണ്. പൊതുജനങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്റെയും മുമ്ബാകെ അഭിപ്രായം ഉന്നയിക്കുന്നതിന് മുമ്ബ് അവര്‍ (മുഖ്യമന്ത്രി മമത ബാനര്‍ജി) നിയമവാഴ്ച ഉദ്ധരിക്കേണ്ടതുണ്ട്,” ഷാ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരെ മാറ്റാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്ത് നിലപാടെടുത്ത തന്ന പിന്തുണച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ഭൂപേഷ് ബാഗേല്‍, അശോക് ഗെഹ്ലോട്ട്, അരവിന്ദ് കെജ്‌രിവാള്‍, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവരോട് നന്ദി അറിയിച്ചുകൊണ്ടുള്ള മമത ബാനര്‍ജിയുടെ ട്വീറ്റിന് പിന്നാലെയാണ് ബംഗാളില്‍ ഷാ മണിക്കൂറുകളോളം സംസാരിച്ചത്. ആക്രമണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഷാ ആഞ്ഞടിച്ചു. നദ്ദയ്ക്കെതിരെയുള്ള ആക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കലാണ്. പൂര്‍ണ ഉത്തരവാദിത്വം ബംഗാള്‍ സര്‍ക്കാരിനാണെന്ന് ഷാ പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഇതുപോലൊരു റോഡ് ഷോ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിത് തെളിയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. “മമതയോട് ജനങ്ങള്‍ക്കുള്ള ദേഷ്യമാണ് കാണുന്നത്. വന്‍ അഴിമതിയും അക്രമവുമാണ് ബംഗാളില്‍. തൃണമൂലും ഇടതുപക്ഷവും ചേര്‍ന്ന് ബംഗാളിനെ പരാജയപ്പെട്ട സംസ്ഥാനമാക്കി. ഒരു തവണ മോദിക്ക് അവസരം നല്‍കൂ. അഞ്ചു വര്‍ഷം കൊണ്ട് പ്രതാപം വീണ്ടെടുത്ത് ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റും,” തിരഞ്ഞെടുപ്പില്‍ ബിജെപി ഇരുന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here