രാജ്യത്തെ പ്രതിപക്ഷത്തിന്റെ വേരറുത്തുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് ബി.ജെ.പി. സര്‍ക്കാര്‍. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ നേതാക്കള്‍ അഴിക്കുള്ളിലാകുമ്പോഴും പ്രതിരോധം നഷ്ടപ്പെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിനെക്കൊണ്ട് പ്രതിപക്ഷത്തിന്റെ റോള്‍ എത്രകണ്ട് നന്നായി നിര്‍വ്വഹിക്കാനാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

രാജ്യം ഏകാധിപത്യത്തിന്റെ പാതയിലേക്കെന്ന ഇടതുവലതു മുറവിളികള്‍ മാത്രമായി അവരുടെ പ്രതിരോധം ഒതുങ്ങുന്ന കാഴ്ചയ്ക്കാണ് ഇന്ത്യാ മഹാരാജ്യം സാക്ഷിയാകുന്നത്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം നിലപാടുകള്‍ കടുത്ത സ്വരത്തില്‍ പ്രഖ്യാപിച്ചു തുടങ്ങിയതോടെ ആശങ്കകള്‍ വെറുംവാക്കല്ലെന്ന് തെളിയുകയാണ്.

ഒരു രാഷ്ട്രം, ഒരു ഭാഷാ വിവാദത്തിനു തുടക്കമിട്ട് പിന്‍വലിഞ്ഞെങ്കിലും രാജ്യചരിത്രം മാറ്റിയെഴുതണമെന്ന അഭിപ്രായമുയര്‍ത്തിയാണ് ഒടുവിലത്തെ വിവാദം. ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതേണ്ട ആവശ്യമുണ്ടെന്നും നമ്മുടെ ചരിത്രമെഴുതേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നുമാണ് അമിത് ഷാ പറഞ്ഞത്.

വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1987-ലെ ‘യുദ്ധ’ത്തെ ‘ഒന്നാം സ്വാതന്ത്ര്യയുദ്ധം’ എന്നു വിളിച്ചത് സവര്‍ക്കറാണെന്നും അല്ലെങ്കില്‍ ഒന്നാം സ്വാതന്ത്ര്യസമരം ലഹളയായി മാത്രം കണക്കാക്കപ്പെടുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന സവര്‍ക്കര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഇക്കാര്യം ബിജെപി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷായുടെ പ്രസ്താവന.

ചരിത്രം മാറ്റിയെഴുതണമെന്നു ലക്ഷ്യമിടുന്നത്, സ്വതന്ത്ര്യകാല ചരിത്രത്തില്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന മുന്‍തൂക്കം കുറയ്ക്കുക എന്ന പരസ്യമായ രഹസ്യഅജണ്ട നടപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണെന്നു വ്യക്തം. ചരിത്രം തിരുത്തിയെഴുതുക എന്നത് തന്നെ ഏകാധിപത്യപ്രവണതകളുടെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

പ്രതിപക്ഷ നിര ഒന്നടങ്കം ബി.ജെ.പിയുടെ രാഷ്ട്രീയ പടയോട്ടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയില്‍നിന്ന് കരകയറാനുള്ള ഒരു തന്ത്രവും കോണ്‍ഗ്രസിനോ പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങിയ ഇടതുപക്ഷമടക്കമുള്ള കക്ഷികള്‍ക്കോ കഴിയുന്നുമില്ല.

ഇപ്പോഴും പ്രധാനശത്രു കോണ്‍ഗ്രസ് തന്നെയെന്ന മിഥ്യാധാരണ തിരുത്തുന്നതിന് കേരളാഘടകം തയ്യാറായിട്ടുമില്ല. യെച്ചൂരിയാകട്ടെ ഇക്കാര്യത്തില്‍ തന്റെ നിലപാട് തള്ളിയതോടെ മിണ്ടാട്ടമില്ലാത്ത അവസ്ഥയിലുമാണ്.

രാജ്യത്തെ എല്ലാ കക്ഷികളെയും ഒരുമിപ്പിക്കുന്ന ദൗത്യം തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ചെയ്യുന്ന കലാപരിപാടിയാകുന്നതോടെ അമിത്ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here