ഈ ബൈക്ക് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് വേണ്ട, ഒറ്റ റീച്ചാർജിൽ 100 കിലോ മീറ്റർ പോകാം

ഹൈദരാബാദ്: രാജ്യത്തുടനീളം എല്ലാ ദിവസവും പെട്രോൾ വില കുതിച്ചുയരുമ്പോൾ ഇലക്ട്രിക് ബൈക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് കമ്പനി. 25 കിലോമീറ്റർ  വേഗതയിൽ 100 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബൈക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

യുഎസ്എയിൽ ബിസിനസ് മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ഗദ്ദാം വംശി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് തന്റെ സ്വപ്നങ്ങൾ യാഥാ‌ർത്ഥ്യമാക്കാൻ വേണ്ടിയായിരുന്നു. കുറച്ച് നാളുകൾ കുടുംബ ബിസിനസ്സ് നോക്കി നടത്തിയെങ്കിലും പിന്നീട് വിപണിയിൽ ആവശ്യമായതും വ്യത്യസ്തമായതുമായ എന്തെങ്കിലും പുറത്തിറക്കണമെന്നായിരുന്നു ഗദ്ദാമിന്റെ ലക്ഷ്യം. ഈ ചിന്തയാണ് ഇലക്ട്രിക് ബൈക്ക് എന്ന ആശയത്തിലേക്ക് എത്താനുള്ള പ്രധാന കാരണം.

മൂന്നുവർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഗദ്ദാം വംശിയും അദ്ദേഹത്തിന്റെ 10 സുഹൃത്തുക്കളും ചേ‍ർന്ന് വികസിപ്പിച്ചെടുത്തതാണ് AUTM 1.0 എന്ന ബൈക്ക്. വിന്റേജ് കഫെ-റേസർ മോഡലിലാണ് ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 35 കിലോഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാം.

രണ്ട് വർഷത്തെ വാറണ്ടിയുള്ള ബൈക്ക് പ്രായപൂർത്തിയാകാത്തവർക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമാണ്. 48 വോൾട്ട്, 250 വാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ബൈക്കിനുള്ളത്. ഇത് നാല് മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ആകും. മുഴുവനായി ചാർജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാം. ബൈക്കിന്റെ ബാറ്ററി പായ്ക്ക് ഒതുക്കമുള്ളതും ഊരിയെടുത്ത് ചാർജ് ചെയ്യാൻ കഴിയുന്നതുമാണ്. ഉപയോക്താവിന് ബാറ്ററി നില, വേഗത, കിലോമീറ്റ‍ർ എന്നിവ പരിശോധിക്കാനായി ബൈക്കിൽ ഡിജിറ്റൽ ഡിസ്‌പ്ലേയുമുണ്ട്.

നിലവിൽ, രാജ്യത്തുടനീളം മികച്ച പ്രതികരണങ്ങളാണ് ബൈക്കിന് ലഭിക്കുന്നതെന്ന് ഗദ്ദാം വംശി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 300 ബുക്കിംഗുകൾ ഇതുവരെ ലഭിച്ചു കഴിഞ്ഞു. തെലങ്കാനയിലാണ് കമ്പനിയുടെ ഉത്പാദന യൂണിറ്റ്. എല്ലാ ദിവസവും 250-300 ബൈക്കുകൾ നിർമ്മിക്കാനുള്ള ശേഷി ഈ യൂണിറ്റിനുണ്ട്. ഉപഭോക്തൃ ആവശ്യത്തിനനുസരിച്ച് വലിയ തോതിലുള്ള നിർമ്മാണം ആരംഭിക്കാനാണ് പദ്ധതി. നിലവിൽ 50,000 രൂപ വിലയുള്ള ബൈക്ക് ഓട്ടോമൊബൈൽസ് ഓൺലൈൻ പോർട്ടൽ വഴി ബുക്കിംഗ് നടത്താമെന്ന് വംശി പറഞ്ഞു.

നിങ്ങൾക്ക് ATUM 1.0 മുൻകൂട്ടി ബുക്ക് ചെയ്യണമെങ്കിൽ, കമ്പനിയുടെ വെബ്സൈറ്റ് വഴി 3000 രൂപ അഡ്വാൻസ് നൽകണം. ഇന്ത്യയിലെ നിർമിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ് പുറത്തിറക്കിയിരുന്നു. ആർവി400 എന്ന പേരിലാണ് ഈ ബൈക്ക് പുറത്തിറക്കിയത്.

ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്നോസ്റ്റിക്‌സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ മുതലായവ കണക്ടഡ് ടെക്‌നോളജി മുഖേന സാധിക്കുമെന്നതാണ് ഈ ബൈക്കിന്റെ പ്രത്യേകത. ബൈക്കിൽ 4G സിം എംബഡ് ചെയ്‍തിട്ടുണ്ട്. സ്‍മാർട്ട് ഫോണിൽ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌താൽ വാഹനത്തിന്റെ പെർഫോമൻസ്, ഹെൽത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here