രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുമെന്ന കാരണത്താൽ ജനപ്രിയമായ ആപ്പുകളായ ടിക്-ടോക്ക്, പബ്ജി എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ കഴിഞ്ഞ വർഷം ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. ലഡാക്ക് അതിർത്തിയിൽ ഇന്ത്യ – ചൈന സംഘർഷങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്.
ടിക്- ടോക്കിനും പബ്ജിക്കും പുറമെ, വാട്സ്ആപ്പിന് സമാനമായ മെസേജിംഗ് ആപ്ലിക്കേഷനായ വീചാറ്റും ഇന്ത്യയില് നിരോധിച്ചിരിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടികയിലുണ്ട്. ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ സമാനമായ ആപ്പുകൾ വികസിപ്പക്കാനുള്ള അവസരമാണ് സ്വദേശി ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് ലഭിച്ചത്.
ഗ്രാമീണ ജനതയ്ക്ക് ഇടയിൽ പോലും ജനപ്രിയമായി മാറിയ ചൈനീസ് ആപ്ലിക്കേഷനായിരുന്നു ടിക് ടോക്ക്. 15 സെക്കൻഡുള്ള വീഡിയോകൾ ഷെയർ ചെയ്യാനാണ് ആദ്യം ടിക് ടോക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ ആപ്പിന്റെ സ്വീകാര്യത കൂടിയതോടെ കമ്പനി പിന്നീട് വീഡിയോയുടെ നീളം 60 സെക്കൻഡായി ഉയർത്തി.
ചൈനീസ് ആപ്പ് നിരോധനത്തെത്തുടർന്ന്, പ്രാദേശികമായി വികസിപ്പിച്ച ആപ്ലിക്കേഷനുകളായ ജോഷ്, മിത്രോൺ, മോജ്, എം എക്സ് ടക് തക് എന്നിവ ടിക് ടോക്കിനറെ വിടവ് നികത്താൻ ശ്രമിച്ചു. നിരോധന സമയത്ത് ടിക്ക് ടോക്കിന് ഇന്ത്യയിൽ 119 മില്യൺ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ടിക് ടോക്ക് നിരോധിക്കുന്ന സമയത്താണ് ഇൻസ്റ്റാഗ്രാം റീല് ആരംഭിച്ചത്. അതിനാൽ നിരവധി ടിക് ടോക്കർമാർ ഇൻസ്റ്റഗ്രാം റീലിലേയ്ക്കും കളം മാറ്റി ചവിട്ടി. ഗൂഗിൾ പ്ലേ സ്റ്റോറിൽ 100 മില്യൺ ഡൗൺലോഡ് മറികടക്കാൻ ആപ്പിന് ആറ് മാസം മാത്രമാണ് സമയമെടുത്തതെന്ന് 2021 ജനുവരിയിൽ മോജ് ആപ്പ് വ്യക്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമാണിതെന്നും മോജ് കൂട്ടിച്ചേർത്തു. മികച്ച എഡിറ്റിംഗ്, മ്യൂസിക് ലൈബ്രറി, ക്യാമറ ഫിൽറ്ററുകൾ എന്നിവ മോജ് അപ്ലിക്കേഷന്റെ പ്രത്യേകതകളാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പ്രതിമാസം 50 മില്യൺ ഉപയോക്താക്കളുള്ള പബ്ജി (PUBG) ഇന്ത്യയിലെ ഗെയിമിംഗ് സംസ്കാരത്തെ തന്നെ മാറ്റി മറിച്ച ആപ്പാണ്. പബ്ജിയും നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ചേർത്തയുടനെ പബ്ജിയുടെ സ്വദേശി ബദലായ ഫോജി (FAUG) പ്രഖ്യാപിച്ചു. ജനുവരി 26 ന് ആരംഭിച്ച FAUG 24 മണിക്കൂറിനുള്ളിൽ 3 ലക്ഷം ഡൗൺലോഡുകൾ മറികടന്നു. എന്നിരുന്നാലും പുതിയ ഗെയിമിന് മികച്ച ഗ്രാഫിക്സും മറ്റും ആവശ്യമാണെന്ന് നിരവധി ഉപയോക്താക്കൾ നിർദ്ദേശിച്ചു
ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയം പലരെയും വളരെയധികം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതിനിടെ വാട്ട്സ്ആപ്പിന് പകരമായും സ്വദേശി ആപ്പ് പുറത്തിറങ്ങി. സിഗ്നൽ എന്നാണ് ഈ ആപ്പിന്റെ പേര്. എലോൺ മസ്ക് പോലും ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ആളുകളെ സിഗ്നലിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.