ചൂട് വളരെ കൂടുതലാണ്. മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാന്‍ പറ്റിയ ഐറ്റങ്ങള്‍ ആവശ്യമാണ്. വീട്ടില്‍ ഒരു ഫലൂഡ തയാറാക്കിയാല്‍ എങ്ങനെയിരിക്കും. അധികം മെനക്കെടാതെ അതിനു കഴിയും.
ഒരു ജെല്ലി പാക്കറ്റ്, പാല്, പഞ്ചസാര, കസ് കസ്, സേമിയ, ഐസ്ക്രീം, ഫ്രൂട്സ് എന്നിവ വീട്ടിലുണ്ടാകില്ലെ. പിന്നെ കുറച്ച് പിസ്ത, നട്സ് അങ്ങനെയുള്ളവയും എടുത്തു വയ്ക്കൂ.
ഒരു ബൗളില്‍ ജെല്ലി പൊടി ചൂടുവെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചൂടു മാറിയശേഷം രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ചാല്‍ സെറ്റാകും. പിന്നീട് അതിനെ മുറിച്ച് ചെറു കഷ്ണങ്ങളാക്കാം.
ആവശ്യത്തിന് പാലെടുത്ത് പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി തണുപ്പിക്കുക (ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കാം). മറ്റൊരു ബൗളില്‍ കസ്കസ് 10 -15 മിനിട്ട് വെള്ളമൊഴിച്ചു കുതിരാന്‍ വയ്ക്കുക.
ഇനി വേണ്ടത് സേമിയയാണ്. ഒരു പാത്രത്തില്‍ സേമിയ വേള്ളം ചേര്‍ത്ത് തിളപ്പിച്ച് ( 4-5 മിനിട്ടു മാത്രം) എടുക്കുക. തണുത്ത വെള്ളത്തില്‍ കഴുകി വാര്‍ത്തു വച്ചാല്‍ അതും തയാറായി.
ഇനി ഫലൂഡ തയാറാക്കാം. ഒരു ഗ്ലാസെടുത്ത് ആദ്യം തണുത്തിരിക്കുന്ന ജെല്ലി ആവശ്യത്തിനു ഇടുക. മുകളിലായി കസ്കസും സേമിയയും ഉണ്ടെങ്കില്‍ റോസ് സിറപ്പ് അടക്കമുള്ളവയും നിക്ഷേപിക്കുക. ഒപ്പം തണുപ്പിച്ചു വച്ചിരിക്കുന്ന പാലും ആവശ്യത്തിനു ഒഴിക്കുക. അടുത്തത് ഫ്രൂട്സിന്റെ ഊഴമാണ്. ഇഷ്ടമുള്ളവ ചേര്‍ത്തോളൂ. അതിനു മുകളിലായി സേമിയയും കസ്കസും പാലും ഒക്കെ ഒരു റൗണ്ടുകൂടി ആയിക്കോട്ടെ. ഏറ്റവും മുകളിലായി ഐസ്ക്രീം. ഒപ്പം പിസ്തയും ബദാമും നട്സും ഒക്കെയാകാം.
#recipes, #falooda, # cooldrinks, #food, #lifestyle