കാസര്‍കോട് | ഭക്ഷ്യ വിഷബാധയേറ്റു ആശുപത്രിയിലായ ദേവനന്ദയുടെ മരണത്തിനു കാരണമായതു ഷിഗെല്ല സോണി ബാക്ടീരിയയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്ടീരിയ ബാധിച്ചിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്രവങ്ങളുടെ പരിശോധനാ ഫലം പുറത്തുവരുന്നതോടെ കൂടുതല്‍ വ്യക്തത വരും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്നു പേരുടെ സ്രവ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്നു കാസര്‍കോട് ഡിഎംഒ ഡോ. എ.വി. രാംദാസ് പറഞ്ഞു. എല്ലാവര്ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍. നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികള്‍ ശക്തമാക്കി.
എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.