ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (57) മരണത്തിനു കീഴടങ്ങി. ജനുവരി ആദ്യവാരമായിരുന്നു വൈദ്യശാസ്ത്ര രംഗത്ത് ഏറെ പ്രതീക്ഷ പകര്‍ന്ന ശസ്ത്രക്രിയ നടന്നത്.
പുതിയ ഹൃദയവുമായി ഡേവിഡ് ബെന്നറ്റ് രണ്ട് മാസമാണ് ജീവിച്ചത്. ശസ്ത്രക്രിയ നടന്ന യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു മരണം. എന്നാല്‍, മരണകാരണം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാനുള്ള പരീക്ഷണം നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിച്ചിരുന്നു.
മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ മനുഷ്യനില്‍ സ്ഥാപിക്കുന്നമ്പോള് ശരീരം തിരസ്കരിക്കാറുള്ള ഘടകങ്ങളെ വേര്‍തിരിച്ചു മാറ്റിയശേഷമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ നിര്‍ണായകമായാണ് ഈ ശസ്ത്രക്രിയയെ വൈദ്യശാസ്ത്രലോകം നിരീക്ഷിച്ചത്. ബെന്നറ്റിന്റെ വിയോഗം ആശുപത്രി ജീവനക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്ന് ശസ്ത്രക്രിയ നടത്തിയ സര്ജന് ഡോ. ബാര്ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. ഒരു വര്‍ഷം പ്രായമുള്ള ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റില്‍ വെച്ചുപിടിപ്പിച്ചത്.