അരികിലെത്തി ചങ്ങാത്തം കൂടിയ പുള്ളിപ്പുലി; ആശങ്കയും കൗതുകവും

ഷിംല: ആളുകൾക്കൊപ്പം ചങ്ങാത്തം കൂടി നിൽക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. റോഡരികിൽ നിൽക്കുന്ന ആളുകളുടെ സമീപത്തേക്ക് എത്തി അവരോട് സൗഹാർദ്ദപരമായി ഇടപഴകുന്ന പുലിയുടെ ദൃശ്യമാണ് കൗതുകത്തിനൊപ്പം ആശങ്കയും ഉയർത്തുന്നത്. ആരെങ്കിലും വളർത്തിയ മൃഗമാണിതെന്നും അതുകൊണ്ടാണ് ആളുകളുടെ സാന്നിധ്യത്തിലും ഈ രീതിയിൽ പുലി പെരുമാറുന്നതെന്നുമാണ് വന്യജീവി വിദഗ്ധരും വനംവകുപ്പ് അധികൃതരും സംശയിക്കുന്നത്.

രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന പുള്ളിപ്പുലി അടക്കമുള്ള മൃഗങ്ങളെ സ്വകാര്യമായി വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട പുള്ളിപ്പുലിയുടെ പെരുമാറ്റം വനംവകുപ്പ് അധികൃതരിൽ സംശയം ഉയർത്തുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഹിമാചൽ പ്രദേശിലെ തിർത്തൻ താഴ്വരയിൽ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ട്വീറ്റ് ചെയ്ത വീഡിയോയിൽ റോഡരികിൽ നിൽക്കുന്ന ഒരുസംഘം ആളുകള്‍ക്കരികിലേക്ക് പുള്ളിപ്പുലി എത്തുന്നതാണ് ഉള്ളത്. പുലി അടുത്തെത്തിയതോടെ കൂടി നിന്നവർ പേടിച്ച് മാറിയെങ്കിലും രണ്ടുപേർ അവിടെത്തന്നെ നിൽക്കുകയായിരുന്നു. ഇവരുടെ അടുത്തെത്തിയ പുള്ളിപുലി ദേഹത്തേക്ക് ചാടിക്കയറാൻ ശ്രമിക്കുകയും ഇവർക്ക് സമീപത്ത് നിന്ന് കളിക്കുകയുമായിരുന്നു.

ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് ഇത് കൂടുതൽ ശ്രദ്ധ നേടിയത്. ‘ഈ പുള്ളിപ്പുലി വളരെ വിചിത്രമായാണ് പെരുമാറുന്നത് ഇതിന്‍റെ രീതികൾ മനസിലാക്കാൻ സാധിക്കുന്നില്ല’ എന്നാണ് വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്. ആരെങ്കിലും വളർത്തിയ പുള്ളിപ്പുലിയാകാം ഇതെന്നും അവിടെ നിന്നു രക്ഷപ്പെട്ട് വന്നതാകാമെന്ന് കരുതുന്നു എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.


പ്രവീൺ കസ്വാന്‍റെ അതേ അഭിപ്രായം മറ്റൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡെയും പങ്കുവെച്ചിട്ടുണ്ട്. ‘ഇണക്കി വളർന്ന മൃഗങ്ങളുടെ കാര്യത്തിൽ ഇങ്ങനെയുണ്ടാകാം. കൂടുതൽ അന്വേഷണം ആവശ്യമുണ്ട്. വന്യജീവികളെ ഓമനിച്ച് വളർത്തുന്ന രീതി ഇതുപോലെയുള്ള അസാധാരണ കാഴ്ചകൾക്ക് വഴിയൊരുക്കിയേക്കാം’ എന്നാണ് അദ്ദേഹം കുറിച്ചത്. ഇത് ആശങ്കജനകമാണെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here