ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്‌സിനുകൾ സമ്മാനിച്ച് ഇന്ത്യ

ബംഗ്ലാദേശ് സൈന്യത്തിന് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്‌സിനുകൾ കൈമാറി. ഇന്ത്യൻ ആർമി മേധാവി ജനറൽ എം എം നരവാനെയാണ് ഒരു ലക്ഷം കോവിഡ് -19 വാക്സിനുകൾ ബംഗ്ലാദേശ് സൈനിക മേധവിയായ ജനറൽ അസീസ് അഹമ്മദിന് കൈമാറിയത്. കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ രാജ്യത്തെ സഹായിച്ചതിനും ഇന്ത്യ നടത്തിയ അഭിനന്ദനാർഹമായ സഹകരണത്തിനും ജനറൽ അസീസ് അഹമ്മദ് നന്ദി പറഞ്ഞു.

ജനറൽ നരവാനെ ജനറൽ അഹമ്മദിന്റെ ക്ഷണപ്രകാരമാണ് ധാക്ക സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും ബംഗ്ലാദേശിലെത്തിയത്. ഇരു രാജ്യങ്ങളുടെയും സായുധ സേന തമ്മിലുള്ള നല്ല ബന്ധവും ഭാവിയിലെ പരസ്പര സഹകരണവും സംബന്ധിച്ച വിഷയങ്ങൾ ഇരു ജനറലുകളും ചർച്ച നടത്തിയതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ബോർഡർ റോഡ് ഓർഗനൈസേഷൻ നടപ്പാക്കൽ, ആർമി പൈലറ്റുമാരുടെ പരിശീലനം, പ്രതിരോധ വിദഗ്ധരുടെയും പരിശീലകരുടെയും കൈമാറ്റം, പരസ്പര പ്രതിരോധ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതായാണ് വിവരം. തുടർന്ന് ജനറൽ നരവാനെ ഒരു ലക്ഷം കോവിഡ് -19 വാക്സിനുകൾ ബംഗ്ലാദേശ് ജനറൽ അഹമ്മദിന് കൈമാറുകയായിരുന്നു. കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ ധാക്കയെ സഹായിച്ചതിൽ ഇന്ത്യയുടെ അഭിനന്ദനാർഹമായ സഹകരണത്തിന് ജനറൽ അസീസ് നന്ദി അറിയിച്ചു.

ചർച്ചകൾക്ക് ശേഷം റോഹിംഗ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ ബംഗ്ലാദേശിനെ പിന്തുണയ്ക്കുമെന്ന് ജനറൽ അസീസ് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് നരവാനെ ബംഗ്ലാദേശിലെത്തിയത്. സന്ദർശനത്തിനിടെ 1971 ലെ വിമോചന യുദ്ധത്തിലെ വീരനായകന്മാർക്ക് നരവാനെ ആദരാഞ്ജലികൾ അർപ്പിച്ചു,

ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികം, പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് മോചിപ്പിക്കൽ, ‘ബംഗബന്ധു’ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദി എന്നിവ ബംഗ്ലാദേശിന്റെ 2021ലെ പ്രധാന്യമുള്ള കാര്യങ്ങളാണ്.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് ഇന്ത്യയിൽ അലയടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. ഏപ്രിൽ ആറാം തിയതി ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ റെക്കോഡ് വർദ്ധനവാണ് കോവിഡ് കേസുകളിൽ ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് മാത്രം 1,15,736 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഇതിനിടെ മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് വെള്ളിയാഴ്ച നിര്‍ത്താലാക്കുകയാണെന്ന് നഗരത്തിലെ വാക്‌സിന്‍ ഡോസുകള്‍ അവസാനിരിക്കെ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയെ അറിയിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വാക്‌സിന്‍ പ്രതീക്ഷിക്കുന്നതിനാല്‍ മുംബൈയിലെ 26 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചതായയും സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം ഉണ്ടെന്ന വാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here