ന്യൂഡല്‍ഹി | അണുബാധ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനു മുന്നേ, അനുമാനത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ നല്‍കാവുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങളുള്‍ക്കൊള്ളിച്ച് ഐ.സി.എം.ആര്‍ മാര്‍ഗരേഖ പുറത്തിറക്കി. അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോള്‍ ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതായി അടുത്തിടെ വ്യക്തമായിരുന്നു. ഐസിയു രോഗികള്‍ക്കു നല്‍കുന്ന ആന്റിബയോട്ടിക്കായ കാര്‍ബപെനം വലിയൊരു വിഭാഗത്തിനു നിലവില്‍ പ്രയോജനം ചെയ്യുന്നില്ലെന്ന ഐ.സി.എം.ആറിന്റെ പഠനം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പ്രതിരോധശേഷി കുറഞ്ഞവരും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരുമായ രോഗികള്‍ക്ക്, ഗുരുതര അണുബാധ, ന്യുമോണിയ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ നേരിട്ട് ആന്റിബയോട്ടിക്ക് നല്‍കാമെന്നു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അപ്പോഴും സ്രവ പരിശോധനയ്ക്കും മറ്റും നടപടി സ്വീകരിക്കണം. ചെറിയ പനി, വൈറല്‍ ബാധ മൂലമുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍, അണുബാധ മൂലമല്ലാത്ത ശ്വാസകോശ രോഗങ്ങളില്‍, തൊലിപ്പുറത്തെ ചെറിയ അണുബാധ, മൂത്രം പോകാന്‍ ട്യൂബിട്ടിരിക്കുന്നവരിലെ നേരിയ അണുബാധ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്ക് വേണ്ടെന്നാണ് നിര്‍ദേശം.