വേനൽ ചൂടിനെ മറികടക്കാൻ ഇവ കുടിക്കാം

ശരീരം കൂടുതലായി ജലം ആവശ്യപ്പെടുന്ന സമയമാണ് വേനൽക്കാലം, ധാരാളം വെള്ളം കുടിയ്ക്കുന്നില്ലെങ്കിൽ പല തരത്തിലുള്ള അസ്വസ്ഥതകൾ ശരീരം കാണിച്ചു തുടങ്ങും. നിർജലീകരണം സംഭവിയ്ക്കുകയും തളർന്നുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. ചർമം വരണ്ടിരിയ്ക്കുകയും ചർമത്തിന്റെ ഉപരിതലം വലിഞ്ഞുമുറുകുന്ന അവസ്ഥയും അനുഭവപ്പെടാറുണ്ട്. ഇതിനെല്ലാം പ്രതിവിധി ഒന്നേയുള്ളൂ, ധാരാളം വെള്ളം കുടിയ്ക്കുക. ശുദ്ധ ജലം കുടിയ്ക്കുന്നതോടൊപ്പം തന്നെ ചില പ്രത്യേക പാനീയങ്ങൾ കുടിയ്ക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിനുള്ളിൽ നിന്ന് തന്നെയാണ് ചർമത്തിനുള്ള സംരക്ഷണം ലഭിയ്ക്കെണ്ടത്, അതോടൊപ്പം പുറമേ നിന്നുള്ള ചില പൊടിക്കൈകളും പ്രയോഗിക്കാം.

ആയുർവേദം പറയുന്നത്:

വേനൽക്കാലത്ത് ശരീരത്തെ സംരക്ഷിയ്ക്കാനായി ആയുർവേദം നിർദേശിയ്ക്കുന്ന ചില പാനീയങ്ങളുണ്ട്, നമുക്ക് സുപരിചിതമായ ഈ കൂട്ടുകൾ ചേർത്ത് ജ്യൂസുകൾ തയ്യാറാക്കി ഉള്ളു തണുപ്പിയ്ക്കാം. കൂടാതെ ചർമത്തിന് ഉപരിതലത്തിൽ ജലാംശം പകരാനുള്ള പ്രകൃതിദത്ത വിദ്യകളും അറിഞ്ഞിരിയ്ക്കാം.

കറ്റാർവാഴ:

നൂറ്റാണ്ടുകൾക്ക് മുൻപേ രചിക്കപ്പെട്ട ആയുർവേദ ഗ്രന്ഥങ്ങളിൽ തന്നെ കറ്റാർവാഴയുടെ ഗുണങ്ങൾ എഴുതിചേർത്തിട്ടുണ്ട്. ചർമം യുവത്വം നിറഞ്ഞതായി നിലനിർത്താനും തിളക്കം നൽകാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴയിൽ 95 ശതമാനവും ജലാംശം അടങ്ങിയിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ എത്ര വരണ്ട ചർമവും മൃദുത്വമുള്ളതാക്കാനും ജലാംശം ചർമ കോശങ്ങളിൽ നിലനിർത്താനും കറ്റാർവാഴ സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിൽ പതിവായി കറ്റാർവാഴ ഉൾപ്പെടുത്തുന്നത് ഏറ്റവും മികച്ച ഫലം നൽകും. ശരീരത്തിന് പുറമേ നിന്ന് ജലാംശം പകരാനുള്ള എളുപ്പ വഴി കൂടിയാണിത്.

ഓറഞ്ച്:

വൈറ്റമിൻ സി യുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം പകരാനും ചർമത്തിലെ ചൂട് കുറയ്ക്കാനും ഓറഞ്ച് വലിയ രീതിയിൽ സഹായിക്കും. ചർമ സൗന്ദര്യത്തെ മെച്ചപ്പെടുത്തുന്ന ഘടകങ്ങൾ ഓറഞ്ച് തൊലിയിലാണ് കൂടുതൽ അടങ്ങിയിട്ടുള്ളത്, പ്രത്യേകിച്ച് വൈറ്റമിൻ സി. ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് തേനിലോ പാലിലോ ചേർത്ത് മിശ്രിതമാക്കി ശരീരത്തിൽ പുരട്ടുന്നത് ഗുണം ചെയ്യും.

തണ്ണിമത്തൻ:

പേര് പോലെ തന്നെ തന്നി മത്തനിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് വെള്ളമാണ്. ചർമത്തിന് ആവശ്യമായ വൈറ്റമിൻ എ, സി, B1, B5, B6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും തണ്ണിമത്തനിൽ കൂടുതലായുണ്ട്. ചർമത്തിന് ഏൽക്കുന്ന സ്വാഭാവിക കേടുപാടുകളെ പരിഹരിയ്ക്കാനും ചർമത്തിന് മൃദുത്വം നൽകാനും ഇത് സഹായിക്കും.ഇതിൻറെ തൊലിയോട് ചേർന്ന ഭാഗം തണുപ്പിച്ച് മുഖത്ത് വെയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്.

ഓറഞ്ച്മിന്റ് ജ്യൂസ്:

രണ്ട് ഓറഞ്ച് എടുത്ത് അതിൻറെ നീര് പിഴിഞ്ഞെടുക്കുക, അതിലേയ്ക്ക് അല്പം പുതിന ഇലകളും എരിവിനായി ഒരു പച്ചമുളകും ചേർത്ത് മിക്സിയിൽ അടിയ്ക്കണം. നിങ്ങളുടെ താല്പര്യമനുസരിച്ച് പച്ചസാരയോ ഉപ്പോ ചേർത്തിളക്കി തണുപ്പിച്ച് കുടിയ്ക്കാം. ഉള്ളു തണുപ്പിയ്ക്കാൻ ലളിതമായി തയ്യാറാക്കാവുന്ന ഈ ജ്യൂസ് ധാരാളം.

തണ്ണിമത്തൻമിന്റ് ജ്യൂസ്:

ഒരു കപ്പ് നിറയെ തണ്ണിമത്തൻ കഷണങ്ങൾ എടുക്കുക, അതിലേയ്ക്ക് ആവശ്യത്തിന് പുതിനയിലകൾ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം. ഉപ്പോ പഞ്ചസാരയോ ചേർത്ത് കുടിയ്ക്കാം.

മസാല മോര്:

ചൂടുകാലത്ത് മോര്, സംഭാരം എന്നിവയോട് പ്രത്യേക പ്രിയമാണ് മലയാളിയ്ക്ക്. കൊടും വെയിലിന്റെ ചൂടേറ്റ് തളർന്നു വരുന്ന സമയത്ത് നല്ല തണുത്ത മോര് വെള്ളം കിട്ടിയാൽ അതില്പരം ആനന്ദം മറ്റൊന്നില്ല എന്ന് തന്നെ പറയാം. ഈ മോര് വെള്ളം അല്പം വ്യത്യസ്തമായി തയ്യാറാക്കിയാലോ? അതാണ്‌ മസാല മോര്. രണ്ടു കപ്പ് മോരെടുത്ത് അതിലേയ്ക്ക് ഇഞ്ചി ചതച്ചത്, നാല് പുതിന ഇല, നാല് മല്ലിയില, അര ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കണം. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കുടിച്ചു നോക്കൂ. ചൂടും ശരീരത്തിൻറെ വരണ്ട അവസ്ഥയും ഇല്ലാതാക്കാൻ ഈ മസാല മോര് ധാരാളം.

നാളികേര വെള്ളം:

കരിക്കിൻ വെള്ളം അല്ലെങ്കിൽ നാളികേര വെള്ളം, ദാഹമകറ്റാൻ പ്രകൃതി കനിഞ്ഞു നൽകുന്ന കൃത്രിമത്വം കലരാത്ത ഒന്നാണ്. ശുദ്ധമായ കരിക്കിൻ വെള്ളത്തേക്കാൾ മികച്ച ദാഹശമനി വേറെയില്ല. ദാഹം അകറ്റുക മാത്രമല്ല, ശരീരത്തിന് ആരോഗ്യപ്രദമായ ധാരാളം ഗുണങ്ങൾ നൽകാനും ഇതിനു കഴിയും.

കരിക്കിൻ വെള്ളത്തിൽ അല്പം പൈനാപ്പിൾ ചേർത്ത് മിക്സിയിൽ അടിച്ചാൽ വ്യത്യസ്തമായ രുചി ലഭിയ്ക്കും. കരിക്കിൻ വെള്ളത്തോടൊപ്പം തണ്ണിമത്തൻ ചേർത്താലും രുചി കിടിലനാണ്. ഈ വേനലിൽ ശരീരം തനുപ്പിയ്ക്കാനായി ഇവയെല്ലാം തയ്യാറാക്കി കുടിയ്ക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here