ഒമിക്രോണ്‍ ലോകത്തെ കടന്നാക്രമിക്കുമോയെന്ന ആശങ്കയിലാണ് ലോകം. ഇന്ത്യയില്‍ ഒമിക്രോണ്‍ മൂന്നാം തരംഗത്തിനു തുടക്കം കുറിച്ചുവെന്ന് വിലയിരുത്തലുകളും വരുന്നു. അതിനിടെ, ആശങ്ക വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഫ്രാന്‍സില്‍ നിന്നു പുറത്തുവരുന്നത്.
ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുള്ള പുതിയൊരു വകഭേദം ഫ്രാന്‍സിലെ മാര്സീല്ലെയില് കണ്ടെത്തി. 46 സുപ്രധാന മ്യൂട്ടേഷനുകളാണ് ഈ വകഭേദത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 12 പേരില്‍ രോഗം സ്ഥിരീകരിച്ചു. കാമറൂണ്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ഒരു ഫ്രഞ്ച് പൗരനിലൂടെയാണ് പുതിയ വകഭേദം ഫ്രാന്‍സിനു ലഭിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോണിനെ പുതിയ വകഭേദം മറികടക്കുമോയെന്നാണ് ഫാന്‍സിലെ ഇപ്പോഴത്തെ ആശങ്ക.
ഡിസംബര്‍ പത്തോടെയാണ് പുതിയ വകഭേദത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍, കാര്യമായ വ്യാപനം കണ്ടെത്താനായിരുന്നില്ല. മറ്റു ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ കൂടി കണ്ടെത്തിയാല്‍ മാത്രമേ, കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായ ഗണത്തിലേക്ക് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തൂ. ബി 1.640.2 എന്നാണ് ഈ വകഭേദത്തെ നാമകരണം ചെയ്തിരിക്കുന്നത്. വാക്സിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ കരുത്തേകുന്ന ഇ 48 കെ എന്ന മ്യൂട്ടേഷന് ഈ വകഭേദത്തില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. മെഡ് റിവ് ആരോഗ്യ ജേര്‍ണലാണ് പുതിയ വകഭേദത്തിന്റെ വിശദംശങ്ങള്‍ പ്രസിദ്ധീകരിച്ചത്.