ന്യുഡല്‍ഹി: പ്രതിസന്ധികള്‍ രൂക്ഷമാക്കി രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങി. ഒമികോണ്‍ ആണു മൂന്നാം തരംഗത്തിനു ആക്കം കൂട്ടുന്നതെന്നു വിദഗ്ധര്‍ പറയുന്നു.
മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ കുടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമാണെന്ന് കോവിഡ് വാക്സിന് ടാസ്ക് ഫോഴ്സ് മേധാവി ഡോ. എന്‍.കെ. അറോറ ചൂണ്ടിക്കാട്ടി. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ 75 ശതമാനവും.
കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അണ്ടര്‍ സെക്രട്ടറി റാങ്കിനു താഴെയുള്ള ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്കു വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചു. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും ഓഫീസില്‍ എത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് രണ്ടു സമയക്രമം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഹാജര്‍ രേഖപ്പെടുത്താനുള്ള ബയോ മെട്രിക് പഞ്ചിംഗ് താല്‍ക്കാലികമായി ഒഴിവാക്കി.
നേത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധിതരുടെ നിരക്ക് ദേശീയതലത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ ഇതുവരെ 1700 ഒമിക്രോണ്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ.