അമേരിക്കയെ അലട്ടുന്ന ഹവാന സിന്‍ഡ്രം, ഇക്കുറി കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഉദ്യോഗസ്ഥന്

കാരണങ്ങളില്ലാതെ പെട്ടന്നുണ്ടാകുന്ന തലവേദന, തലയില്‍ സമ്മര്‍ദ്ദം, ബോധക്കേട്, തലകറക്കം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്ന അവസ്ഥയാണ് ഹവാന സിന്‍ഡ്രോം. ചിലരില്‍ മൂക്കില്‍നിന്നു രക്തസ്രാവമുണ്ടാകാറുണ്ട്.

2016 ല്‍ ക്യൂബയിലെ ഹവാനിലെ യു.എസ്. എംബസി ഉദ്യോഗസ്ഥരിലാണ് ഇതാദ്യം കണ്ടെത്തിയത്. അങ്ങനെയാണ് ഹവാന സിന്‍ഡ്രോമെന്നു പേരു വന്നത്. അഞ്ചു വര്‍ഷത്തിനുശേഷം ഹവാന സിന്‍ഡ്രോം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സി.ഐ.എ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തി മടങ്ങിയ സി.ഐ.എ ഉദ്യോഗസ്ഥന് രോഗം പിടിപെട്ടുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഇരുന്നുറോളം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. റഷ്യന്‍ ഇന്റലിന്‍ജന്‍സ് ഏജന്‍സിയാണ് അജ്ഞാത രോഗത്തിനു പിന്നിലെന്നാണ് അമേരിക്കയുശട ആരോപണം. ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ക്കോ പരിശോധനകള്‍ക്കോ ഇതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണത്തെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസം ഒരു ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു മൂന്നു മണിക്കൂറോളം യാത്ര വൈകിപ്പിക്കേണ്ടി വന്നിരുന്നു.

ക്യൂബയിലെ രോഗബാധയ്ക്കു പിന്നാലെ ജര്‍മനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നി രാജ്യങ്ങളിലെ യു.എസ്. എംബസി ഉദ്യോഗസ്ഥരെയും രോഗം ബാധിച്ചിരുന്നു. രോഗം ഉണ്ടാകുന്നതിനു മുന്നേ അതീവതോതില്‍ തുളച്ചു കയറുന്ന രീതിയിലുള്ള ശബ്ദം കേട്ടെന്ന് ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതുപോലെയുള്ള സമ്മര്‍ദവും ഇവര്‍ക്കുണ്ടായി. ഒരു ഊര്‍ജ ഉപകരണത്തില്‍നിന്നു രശ്മികള്‍ പ്രയോഗിച്ചതുപോലുള്ള തോന്നലാണ് ഉണ്ടായതെന്നാണ് ഇവരുടെ പക്ഷം. അസ്വസ്തതകള്‍ കാരണം നാട്ടിലേക്കു മടങ്ങിയ ചിലരുടെ തലച്ചോറില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, തലയോട്ടിക്കോ മറ്റു അസ്ഥി ഭാഗങ്ങളിലോ ത്വക്കിനോ കുഴപ്പം കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here