കുറഞ്ഞ ഗുണനിലവാരമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാൽ ഹൃദയാഘാതത്തിന് സാധ്യത

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നത് എല്ലാവ‌ർക്കും അറിയാവുന്ന കാര്യമാണ്. കാർബോഹൈഡ്രേറ്റുകൾ പലപ്പോഴും ശരീരഭാരം കൂടാൻ കാരണമാകുമെന്നാണ് കരുതുന്നത്. എന്നാൽ ഒരു പുതിയ പഠനമനുസരിച്ച് എല്ലാത്തരം കാ‌‍ർബോഹൈഡ്രേറ്റുകളുമല്ല ഒരു പ്രത്യേക തരം കാർബോഹൈഡ്രേറ്റ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. ‘മോശം ഗുണനിലവാരമുള്ള’ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാതം, മസ്തിഷ്കാഘാതം അല്ലെങ്കിൽ മരണത്തിന് തന്നെ കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

PURE (പോപ്പുലേഷൻ അർബൻ ആൻഡ് റൂറൽ എപ്പിഡെമിയോളജി) വഴിയാണ് പഠനം നടത്തിയത്. മക്മാസ്റ്റർ സർവകലാശാലയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (പിഎച്ച്ആർഐ) ഹാമിൽട്ടൺ ഹെൽത്ത് സയൻസസും പഠനത്തെ സഹായിച്ചിരുന്നു. ഈ മേഖലയിലെ ഏറ്റവും വ്യത്യസ്തമായ പഠനങ്ങളിൽ ഒന്നാണിതെന്ന് ന്യൂസ് വൈസ് പറയുന്നു.

ഉയർന്ന അളവിൽ ഗ്ലൈസെമിക് അടങ്ങിയ ഭക്ഷണത്തെക്കുറിച്ച് താൻ പതിറ്റാണ്ടുകളായി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കുറഞ്ഞ ഗുണ നിലവാരമുള്ള കാർബോ ഹൈഡ്രേറ്റുകളുടെ ഉയ‍ർന്ന ഉപഭോഗം ലോകമെമ്പാടുമുള്ള ഒരു പ്രശ്നമാണെന്ന് ഈ പഠനം സ്ഥിരീകരിക്കുന്നതായി എഴുത്തുകാരൻ ഡേവിഡ് ജെങ്കിൻസ് പറഞ്ഞു.

അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 35 നും 70 നും ഇടയിൽ പ്രായമുള്ള 137,851 ആളുകൾ പഠനത്തിന്റെ ഭാഗമായി. ഒമ്പതര വർഷമായി അവരുടെ ഭക്ഷണ രീതി നിരീക്ഷിച്ച് വരികയാണ്. ഓരോ പങ്കാളിയുടെയും ഗ്ലൈസെമിക് സൂചികയിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഉയർന്ന ഗ്ലൈസെമിക് ഡയറ്റ് (ഗുണനിലവാരമില്ലാത്ത കാർബണുകൾ കൊണ്ട് സമ്പന്നമായത്) ഒരു വ്യക്തിയുടെ ഹൃദയ, സെല്ലുലാർ ആരോഗ്യത്തെ ബാധിക്കുമോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ളതായിരുന്നു പഠനം. വെളുത്ത അരി, വെളുത്ത റൊട്ടി, മധുരമുള്ള ഭക്ഷണങ്ങൾ തുടങ്ങിയ ഗുണനിലവാരമില്ലാത്ത കാർബോഹൈഡ്രേറ്റുകളിലാണ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

മോശം ഗുണനിലവാരമുള്ള കാർബോഹൈഡ്രേറ്റുകൾ മനുഷ്യന്റെ ആയുസിനെ തന്നെ ബാധിക്കുമ്പോൾ ഉയർന്ന ഗുണ നിലവാരമുള്ള കാർബോ ഹൈഡ്രേറ്റുകളായ പഴം, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശരീരത്തിന് ഗുണം ചെയ്യുന്നവയാണെന്നും ജെങ്കിൻസ് പറയുന്നു.

ഗവേഷണത്തിനിടെ 8,780 പേ‍ർ മരിച്ചു. ഇതിൽ 8,252 മരണങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ടുണ്ടായതാണ്. ഗ്ലൈസെമിക് ഇൻഡെക്സ് ഡയറ്റിന്റെ ഏറ്റവും ഉയർന്ന 20% പരിധിയിലുള്ളവ‍‍ർക്ക് ഹൃദയാഘാത സാധ്യത 50% വർദ്ധിക്കുന്നതായി നിരീക്ഷണങ്ങൾ വെളിപ്പെടുത്തി. അമിതവണ്ണമുള്ളവർക്ക് അപകടസാധ്യത വളരെ കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here