രണ്ടു വര്‍ഷം കഴിയുന്ന ഹേമ കമ്മിറ്റി ശിപാര്‍ശകള്‍ പൂഴ്ത്തുന്നത് ആര് ? റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്നു മന്ത്രി പി. രാജീവ്

തിരുവനന്തപുരം | രണ്ടുകൊല്ലം മുമ്പ് സമര്‍പ്പിക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമോ ? റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്യൂസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പി. രാജീവിന്റെ പ്രതികരണം പുതിയ വിവാദത്തിനു തിരികൊളുത്തി. അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നു ഡബ്യുസിസിയും വ്യക്തമാക്കുമ്പോള്‍ റിപ്പോര്‍ട്ടിനും നിയമനിര്‍മ്മാണത്തിനും തടസം നല്‍കുന്നത് ആരെന്ന ചോദ്യം ഉയരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സി. പരസ്യമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതു പുറത്തുവിടരുതെന്ന് അവര്‍ താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി. രാജീവ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

വിഷയം പഠിച്ചത് ഹേമ കമ്മിറ്റിയാണ്. അത് കമ്മിഷനല്ല. മൊഴികള്‍ നല്‍കിയിട്ടുള്ളവര്‍ അത് പൂര്‍ണമായും കോണ്‍ഫിഡന്‍ഷ്യലാണെന്ന ഉത്തമ വിശ്വാസത്തിലാണ് ചെയ്തിട്ടുള്ളത്. അതെല്ലാം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നില്ല. അതിലെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നതാണ് ആവശ്യമെന്നാണ് ഡബ്ല്യൂ.സി.സി. യോഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അക്കാര്യത്തില്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണെന്നും മന്ത്രി പി. രാജീവ്് പറഞ്ഞു. ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണത്തിലേക്കു പോകണമെന്ന അവരുടെ ആവശ്യത്തോട് സര്‍ക്കാര്‍ പോസിറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു തന്നെയാണ് ഡബ്ല്യു.സി.സി നിലപാടെന്ന് ദീദി ദാമോദരന്‍ പ്രതികരിച്ചു. പ്രസിദ്ധീകരിക്കരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. പരാതിക്കാരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചു. ദീദി ദാമോദരന്‍ അടക്കമുള്ളവര്‍ നിലപാട് പരസ്യമായി ആവര്‍ത്തിക്കുമ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് മന്ത്രിക്കു മുന്നില്‍ നിലപാട് എട്ടുത്തവര്‍ ആരെന്ന ചോദ്യം പ്രസക്തമാവുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിയമ നിര്‍മ്മാണവും എങ്ങും എത്തിയിട്ടില്ലെന്നു മാത്രമല്ല, പുതിയ പീഡനകഥകള്‍ ചലച്ചിത്ര മേഖലയില്‍ നിന്നു പുറത്തുവരുകയും ചെയ്യുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു പാലിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. അതിനിടെ, ഹേമ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നതു ചര്‍ച്ച ചെയ്യാനുള്ള യോഗം ബുധനാഴ്ച തിരുവനന്തപുരത്തു നടക്കും. ചലച്ചിത്ര മേഖലയിലെ എല്ലാ സംഘടനകളെയും യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here