പാര്‍വതി നായികയായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററുകളില്‍ ; തിയതി പ്രഖ്യാപിച്ചു

സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും അവസാനം പാര്‍വതി നായികയായ വര്‍ത്തമാനം സിനിമ തിയറ്ററുകളില്‍ എത്തുന്നു. ഫെബ്രുവരി 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ആര്യാടൻ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രാജ്യവിരുദ്ധ പ്രമേയം എന്ന് ആരോപിച്ച് വര്‍ത്തമാനം ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നീ കാരണങ്ങളാണ് പ്രദര്‍ശനനാനുമതി നിഷേധിക്കാന്‍ തിരുവനന്തപുരത്തെ സെന്‍സര്‍ കമ്മിറ്റി പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് ചിത്രം കണ്ടതിന് ശേഷം സിനിമക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ചതും വിവാദമായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വർത്തമാനം സിനിമ കണ്ടെന്നും ജെ.എന്‍.യു സമരത്തിലെ ദലിത്, മുസ്‍ലിം പീഢനമായിരുന്നു വിഷയമെന്നും സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നത് കാരണം അതിനെ എതിര്‍ത്തതായും സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ഏറ്റവും ഒടുവില്‍ മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

LEAVE A REPLY

Please enter your comment!
Please enter your name here