കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വാരണാസി സന്ദര്‍ശിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലും കാല് ഭൈരവ് ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയ താരം ഗംഗയിലൂടെ ബോട്ട് യാത്രയും നടത്തിയിരുന്നു. ഇത്തരത്തില്‍ ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ ധവാൻ പങ്കിട്ടു. ‘പക്ഷികളെ ഊട്ടുന്നതിൽ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് ധവാൻ ചിത്രം പങ്കുവച്ചത്. ധവാൻ യാത്ര ചെയ്ത ടൂറിസ്റ്റ് ബോട്ടിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.
പക്ഷിപനി വാരണാസിയില്‍ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബോട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്കാന് പാടില്ലായെന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം തുഴച്ചിലുകാര്‍ക്കും നല്‍കിയിരുന്നു. ഇത് ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.