പൃഥ്വിരാജ് പാടുന്നു എന്ന കാര്യം പ്രേക്ഷകർക്ക് പുതുമയുള്ളതല്ല. പക്ഷെ ഇന്നലെ സുപ്രിയ പോസ്റ്റ് ചെയ്ത വീഡിയോയിലെ ആ ഗാനത്തിന് അൽപ്പം പ്രത്യേകതയുണ്ട്. മോഹൻലാൽ അവതരിപ്പിച്ച, താളവട്ടം എന്ന സിനിമയിലെ, പൊൻവീണേ… എന്ന് തുടങ്ങുന്ന ഗാനമാണ് പൃഥ്വി പാടിയത്. അതും മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസിന് തുടക്കം കുറിച്ച ചടങ്ങു നടന്ന ദിവസം തന്നെ. പൃഥ്വിയും ചിത്രത്തിന്റെ ഭാഗമാണ്.
സുപ്രിയ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ പലരും ‘പുതിയ മുഖം…’ എന്ന പൃഥ്വിയുടെ ആ പഴയ ഗാനം കമന്റിൽ വന്ന് രേഖപ്പെടുത്തി എന്നതും രസകരമായി
സ്റ്റാർ: ജോജു ജോര്ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ ഒൻപതിനാണ് റിലീസ്. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പൃഥ്വിരാജ് അതിഥിവേഷം അവതരിപ്പിക്കുന്നു
ആടുജീവിതം: പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആടുജീവിതം’ ബെന്യാമിൻ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോർദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങൾ ഒരുക്കിയത്.
കോൾഡ് കേസ്: ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു.
കുരുതി: പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘കുരുതി’ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ നിർമ്മിക്കുന്നു. മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്.
തീർപ്പ്: കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.
കടുവ: കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്ന ‘കടുവ’ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്.