മലയാളികളുടെ സ്വന്തം നിത്യഹരിത നായകൻ പ്രേം നസീർ ഇല്ലാതെ 32 വർഷങ്ങൾ

മലയാളത്തിന്‍റെ സ്വന്തം നിത്യഹരിത നായകൻ ഇതിഹാസമായ പ്രേം നസീർ കാലയവനികയിൽ മറഞ്ഞിട്ട് ഇന്നേക്ക് മുപ്പത്തിരണ്ട് വര്‍ഷം. 1989 ജനുവരി 16നാണ് ഇന്ത്യൻ സിനിമാ പ്രേമികളെ തന്നെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍സ്റ്റാറിൻ്റെ വിയോഗ വാര്‍ത്ത ലോകമറിഞ്ഞത്. ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്‍റെ പേരിലാണ്. പ്രണയനായകന്മാരുടെ ഗണത്തിൽ മുൻപന്തിയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. 35ലേറെ സിനിമകളിൽ ഇരട്ട വേഷങ്ങളിലും മൂന്നോളം സിനിമകളിൽ ട്രിപ്പിള്‍ വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രില്‍ 7നാണ് അദ്ദേഹം ജനിച്ചത്. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. 1952ലാണ് അദ്ദേഹത്തിൻ്റെ ആദ്യചിത്രം പുറത്തിറങ്ങിയത്. എക്സല്‍ കമ്പനിയുടെ മരുമകള്‍ എന്ന സിനിമ. രണ്ടാമത്തെ ചിത്രം വിശപ്പിൻ്റ വിളി. ഉദയായുടേയും മേരിലാൻ്റിൻ്റെയും സിനിമകളിലൂടെയാണ് നസീര്‍ മലയാളത്തിലെ നിത്യ ഹരിത നായകനായത്. മലയാളത്തിന് പുറമെ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അദ്ദേഹം അഭിനയച്ചിട്ടുണ്ട്.

മുറപ്പെണ്ണ്, ഓടയിൽ നിന്ന്, ഇരുട്ടിന്‍റെ ആത്മാവ്, നഗരമേ നന്ദി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അനുഭവങ്ങള്‍ പാളിച്ചകള്‍, നദി, സിഐഡി നസീര്‍, കുഞ്ഞാലി മരയ്ക്കാര്‍, പ്രവാഹം, പ്രവാഹം, സീമന്ത പുത്രൻ, പടയോട്ടം, മായ, ആരോമലുണ്ണി, ഫുട്ബോള്‍ ചാമ്പ്യൻ, പിക്നിക്ക്, തീക്കളി, സഞ്ചാരി, എന്‍റെ കഥ, എറണാകുളം ജംഗ്ഷൻ, പുഷ്പാഞ്ജലി, ധ്വനി തുടങ്ങി എത്രയെത്ര സിനിമകളാണ് അദ്ദേഹത്തിന്‍റെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാൽ സമ്പന്നമായുള്ളത്.

സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും നേടിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാര സമിതി അംഗവുമായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്. നന്മയുള്ള നടനും അതിലുപരി തികഞ്ഞ മനുഷ്യ സ്നേഹിയുമായ അദ്ദേഹം നടന്മാർക്കൊരു പാഠപുസ്തകമാണെന്ന് താരങ്ങളുൾപ്പെടെ പലരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here