കൊച്ചി| ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം ഒടിടിയില്‍ റിലീസ് ചെയ്യും. സിനിമയുടെ ഒ.ടി.ടി. റിലീസ് ഡേറ്റ് മാര്‍ച്ച് 20-ന് പ്രഖ്യാപിക്കുമെന്ന് ഒമര്‍ ലുലു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം എക്‌സൈസ് കേസ് എടുത്തതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കോഴിക്കോട് എക്‌സൈസ് കമ്മിഷണര്‍ സിനിമയ്‌ക്കെതിരെ എടുത്ത കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിന് എക്സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എന്‍.ഡി.പി.എസ്.നിയമങ്ങള്‍ പ്രകാരമാണ് കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.
ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ടെന്ന് താന്‍ കരുതുന്നുവെന്നും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഒമര്‍ ലുലു വ്യക്തമാക്കി.