ബഷീറിന്‍റെ ‘നീലവെളിച്ചം’ സിനിമയാക്കാന്‍ ആഷിഖ് അബു; പൃഥ്വിയും ചാക്കോച്ചനും റിമയും പ്രധാന വേഷത്തില്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്ന കാര്യം ആരാധകരെ അറിയിച്ചത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീല വെളിച്ചം സിനിമയാക്കണമെന്നത് ഏറെ നാളായിട്ടുള്ള കൊതിയായിരുന്നെന്നും എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നും ആഷിഖ് അബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നേരത്തെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നിരുന്നു. 1964-ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്.

ഏ.വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു.പ്രേം നസീര്‍,മധു, അടൂര്‍ ഭാസി,വിജയ നിര്‍മ്മല, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here