തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നറിയിച്ച് പ്രമുഖ താരം നസ്രിയ നസീം. കഴിഞ്ഞ ദിവസം താരത്തിന്റെ പ്രൊഫൈലിൽ നിന്നും ഒരു ലൈവ് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന സംശയം ആരാധകരിൽ പലരും ഉന്നയിക്കുകയും ചെയ്തു.
ഇതേ തുടർന്നാണ് സംഭവത്തിൽ വ്യക്തത വരുത്തി നസ്രിയ തന്നെ പ്രതികരിച്ചിരിക്കുന്നത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന് സ്ഥിരീകരിച്ച നസ്രിയ, അതിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സന്ദേശങ്ങൾ എത്തിയാൽ പ്രതികരിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.

കുറച്ച് കോമാളികൾ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് എന്റെ അക്കൗണ്ടിൽ നിന്നും വരുന്ന സന്ദേശങ്ങളിൽ ദയവായി പ്രതികരിക്കാതിരിക്കുക. ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും നന്ദി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നസ്രിയ വ്യക്തമാക്കി.
മുപ്പത് ലക്ഷത്തോളം ഫോളോവേഴ്സാണ് ഇൻസ്റ്റയിൽ നസ്രിയക്കുള്ളത്. സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
