നയൻതാരയും വിഘ്നേഷും ദാമ്പത്യ ജീവിതം തുടങ്ങിയത് ആറു വർഷം മുമ്പ്; സറഗസി നിയമനടപടികൾ പൂർത്തിയാക്കിയത് ഡിസംബറിൽ

ചെന്നൈ | വിവാഹം പരസ്യപ്പെടുത്തി നാലു മാസത്തിനകം വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങളുടെ അമ്മയായ നയൻതാര വിഷ്നേഷ് ശിവ ദമ്പതികൾ ആരോഗ്യ വകുപ്പിനു വിശദീകരണം നൽകി. ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വിവാഹ റജിസ്റ്റർ ചെയ്ത രേഖകൾ സഹിതമാണ് മറുപടി നൽകിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് 5 വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കൊല്ലം നിലവിൽ വന്ന നിയമഭേദഗതി ജൂൺ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുൻപേ വാടകഗർഭധാരണ നടപടികൾ പൂർത്തിയാക്കിയതിനാൽ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്നും താരദമ്പതികളുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു. ദുബായിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചെന്ന വിവരവും പുറത്തുവന്നു. ഇവർ നയൻ താരയുടെ ബന്ധുവാണെന്നും വിദേശത്തെ ബിസിനസുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണെന്നുമാണ് പുറത്തുവരുന്ന വിവരം.

Nayanthara and Vignesh Shivan submit marriage details to tamil Nadu govt official

LEAVE A REPLY

Please enter your comment!
Please enter your name here