കൊച്ചി: റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനു കൃഷ്ണന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഗില’ എന്ന സിനിമയുടെ ചിത്രീകരണം പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. സമൂഹമാധ്യമങ്ങള്‍ യുവതലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ ഡോ. മനു കൃഷ്ണന് അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ് ബോഡി ബിൽഡർ ആയി എത്തുന്ന ഗിലയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മാറുന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച എന്ന പോലെ നേര്‍ക്കുനേര്‍ നോക്കാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധികളെ ചൂണ്ടിക്കാണിക്കുന്ന സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. പുതുമുഖം സുഭാഷ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ശ്രിയാ, അനഘ എന്നിവരാണ് നായികമാര്‍.
ഇന്ദ്രന്‍സ്, കൈലാഷ്, റിനാസ്, ഡോ. ഷിനോയ്, നിയാ, ഷിയാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത പിന്നണി ഗായകർ ഹരിശങ്കറും ശ്രുതി ശശിധരനും ആലപിച്ച ഇതിലെ ആദ്യ ഗാനം ‘ഈറൻ കാറ്റിൽ’ സത്യം ഓഡിയോസ് പുറത്തിറക്കി. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് മനു കൃഷ്ണനും ഷിനോയും ചേർന്നാണ്.
രചന നിർവ്വഹിച്ചത് ഷിനോയ് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം – ക്രിസ്പിൻ. മിക്സിംഗ് – അശ്വിൻ. ഛായാഗ്രഹണം- ശ്രീകാന്ത്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്, കിയേറ്റീവ് ഹെഡ്-പ്രമോദ് കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍- അശ്വിന്, പി ആര് ഒ- വാഴൂര്‍ ജോസ്.
കോമഡി വേഷങ്ങളാണ് ഇന്ദ്രൻസിന് ശ്രദ്ധ നേടിക്കൊടുത്തതെങ്കിലും ഗൗരവമേറിയ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമെന്ന് അദ്ദേഹം തെളിയിച്ച് തന്നു. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തി. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരവും അദ്ദേഹം നേടിയിരുന്നു. 2019 ലെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരമാണ് വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസ് കരസ്ഥമാക്കിയത്.