അലി അക്ബറിന്റെ സിനിമ തടഞ്ഞാല്‍ ആഷിക് അബുവിന്റെ സിനിമയും തിയറ്റര്‍ കാണില്ലെന്ന് സന്ദീപ് വാര്യര്‍

കോഴിക്കോട്: സംവിധായകന്‍ അലി അക്ബര്‍ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സിനിമയെ വിലക്കിയാല്‍ ആഷിക് അബുവിന്റെ വാരിയംകുന്നനും തിരതൊടില്ലെന്ന് ബി.ജെ.പി. വക്താവ് സന്ദീപ് വാര്യര്‍. മലബാര്‍ കലാപം പ്രമേയമാക്കിയുള്ള അലി അക്ബറിന്റെ ‘1921; പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ പരാമർശം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങ്.

ആഷിക്ക് അബുവും സംഘവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നല്ലൊ. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രാന്വേഷണ ചിത്രമാണ്. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാകുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണെന്ന്” സന്ദീപ് വാര്യര്‍ പറഞ്ഞു.

സിനിമയെ ഉപയോഗിച്ച് അസത്യ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ സിനിമയെ വച്ച് തന്നെ പ്രതിരോധം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായി സിനിമ എടുക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കാതെയാണ് താന്‍ സിനിമയെടുക്കുകയെന്ന് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു.

ലബാര്‍ കലാപത്തിലെ മുന്നണിപ്പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയെക്കുറിച്ച് സിനിമ ചെയ്യുമെന്ന് ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആഷിക്ക് അബുവിനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. നടൻ പൃഥ്വിരാജിനും കുടുംബാംഗങ്ങൾക്കുമെതിരെയും വലിയ തോതിൽ സൈബർ ആക്രമണം ഉണ്ടായി. ഇതിനിടയിലാണ് ബി.ജെ.പി. സഹയാത്രികനായ അലി അക്ബര്‍ ഇതേ വിഷയത്തില്‍ സിനിമ ചെയ്യുന്ന പ്രഖ്യാപനം നടത്തിയത്. സംവിധായകൻ മേജർ രവിയുടെ മകൻ ഛായാഗ്രാഹകനായിരിക്കും. സിനിമയിലെ അഭിനേതാക്കളുടെ പേര് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here