നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; മാസ്റ്റര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൂട്ടംകൂടി ആരാധകര്‍

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍  മാസ്റ്റര്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. നാളുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ തുറക്കുന്നതിന്റേയും ആവേശത്തിലാണ് ആരാധകര്‍. തീയേറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം. എന്നാല്‍ ഇതൊന്നും ആരാധകര്‍ക്ക് പ്രശ്മല്ല. അവര്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ്.

ബുധനാഴ്ച റിലീസ് ചെയ്യുന്ന മാസ്റ്ററിന്റെ പ്രീ ടിക്കറ്റ് ബുക്കിങ്ങിനായി തീയേറ്ററുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ് ആരാധകര്‍. സംസ്ഥാനത്തൊട്ടാകെ തീയേറ്ററുകള്‍ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. കൊവിഡ് നിയന്ത്രണങ്ങളെ എല്ലാം കാറ്റില്‍ പറത്തിയാണ് വിജയ് ആരാധകര്‍ കൂട്ടം കൂടുന്നത്.

ആരാധകരുടെ തള്ളിക്കയറ്റം കാരണം കോയമ്പേട് രോഹിണി തിയേറ്ററില്‍ പോലീസിനെ വിളിച്ചുവരുത്തേണ്ടിവന്നു. ടിക്കറ്റ് തീരുമെന്ന ആശങ്കയില്‍ തിയേറ്ററിലെ സുരക്ഷാ ജീവനക്കാരെ വകവെക്കാനോ നിയന്ത്രണങ്ങള്‍ പാലിച്ച് വരിനില്‍ക്കാനോ ആരാധകര്‍ തയ്യാറായിരുന്നില്ല. ഇതാണ് തിരക്കിന് കാരണമായത്. നേരത്തെ നൂറ് ശതമാനം ആളുകളേയും പ്രവേശിപ്പിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയവും മദ്രാസ് ഹെെക്കോടതിയും ഇടപെട്ട് തടയുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റര്‍. കെെതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിജയിയും വിജയ് സേതുപതിയും കെെകോര്‍ക്കുകയാണ്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടീസറുകളും പ്രൊമോകളുമെല്ലാം വെെറലായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here