സുലൈമാൻ മാലിക്കായി ഫഹദ്; മാലിക് ട്രെയ്‌ലർ

ടേക്ക് ഓഫ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായത്.

2020 ഏപ്രിൽ മാസം റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റുകയായിരുന്നു. 2021 മെയ് 13 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി.

ലോക്ക്ഡൗൺ നാളുകളിൽ ഇതേ നായകന്റെയും സംവിധായകന്റെയും കൂട്ടുകെട്ടിൽ ഡിജിറ്റൽ റിലീസ് ചെയ്ത ‘സീ യു സൂൺ’ എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കൽ ഡ്രാമയാണ് ‘മാലിക്’. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. അസ്ഥിരമായ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ നായകന്റെ 30 വർഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം എന്നാണ് സൂചന. മഹേഷ് നാരായണൻ തന്നെയാണ് ‘മാലിക്’ എഡിറ്റർ. ചിത്രം വേൾഡ്-വൈഡ് റിലീസാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

ഈ ചിത്രത്തിന്റേതായി പുറത്തു വന്ന ഫഹദിന്റെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ഒരു തടികസേരയിൽ ചിന്താമഗ്നനായി ഇരിക്കുന്ന നായകനായിരുന്നു അതിൽ. വെള്ള ഷർട്ട് അണിഞ്ഞ ഫഹദിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോൺ കാണാം. ഈ കഥാപാത്രത്തിന്റെ ലുക്കിന് പ്രാധാന്യം കൽപ്പിക്കുന്ന നീളൻ താടിയും കൂടി ചേർന്നാൽ ഫഹദിന്റെ മറ്റൊരു തകർപ്പൻ പെർഫോമൻസ് പ്രതീക്ഷിക്കാവുന്ന കഥാപാത്രത്തിന്റെ ഏകദേശ രൂപം പിടികിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here