അനിയത്തിപ്രാവി’ന് 24 വയസ് ആയപ്പോൾ കുഞ്ചാക്കോ ബോബൻ തമിഴിലേക്ക്

ആദ്യസിനിമയ്ക്ക് 24 വയസാകുമ്പോൾ ആദ്യമായി തമിഴ് സിനിമയിലേക്ക് കുഞ്ചാക്കോ ബോബൻ. തീവണ്ടി സംവിധായകൻ ഫെല്ലിനി ടി പി ഒരുക്കുന്ന തമിഴ് – മലയാളം ചിത്രമായ ‘ഒറ്റ്’ ചിത്രീകരണം ഗോവയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. തെലുഗ് താരമായ ഈഷ റെബ്ബെയാണ് നായിക.

ഒറ്റ്’ ചിത്രീകരണം ആരംഭിച്ചത് ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ചാക്കോ ബോബൻ അറിയിച്ചത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്ക് ഒപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചത് ഇങ്ങനെ. ‘ഒറ്റ്നായി ഫെലിനി, ഷാജി നടേശൻ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി കൈകോർക്കുന്നു. ഇത് ഒരേസമയം എന്റെ ആദ്യത്തെ തമിഴ് സിനിമയായ ‘റെൻഡഗാം’ ആയും ചിത്രീകരിക്കപ്പെടുന്നു. എക്കാലത്തെയും ആകർഷണീയതുമ സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയൊടെത്ത് ഇന്ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കുന്നു’ – കുഞ്ചാക്കോ ബോബൻ കുറിച്ചു.

മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുങ്ങുന്നതിനാൽ ഇരു ഭാഷകളിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ത്രില്ല‌ർ പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് റിപ്പോർട്ടുകൾ. അരവിന്ദ് സ്വാമി ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവ് ആണ്.

ദ ഷോ പീപ്പിൾസിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം, കുഞ്ചാക്കോ ബോബന്റെ ആദ്യസിനിമയായ അനിയത്തി പ്രാവിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുകയാണ്. മലയാളസിനിമയിൽ 24 വർഷങ്ങൾ പൂർത്തിയാക്കിയ കുഞ്ചാക്കോ ബോബന് ആശംസകളുമായി സഹപ്രവർത്തകരും താരങ്ങളും എത്തി. ഉണ്ണി മുകുന്ദനും ടോവിനോ തോമസും ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അടുത്തതായി റിലീസ് ആകാനിരിക്കുന്ന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here