50 വര്‍ഷത്തിലേറെ നീണ്ടുനിന്ന അഭിനയ ജീവിതം അവസാനിച്ചു… കെ.പി.എ.സി ലളിത വിടവാങ്ങി

കൊച്ചി: നടി കെ.പി.എ.സി. ലളിത (74) വിടവാങ്ങി. കരള്‍രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ലളിത ചൊവ്വാഴ്ച രാത്രി 10.45ന് എറണാകുളത്തെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ളാറ്റിലാണ് അന്തരിച്ചത്. സംസ്‌കാരം നാളെ വൈകീട്ട് വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കും.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് മഹേശ്വരിയെന്ന ലളിത ജനിച്ചത്. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം നാടകം 1969ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ലളിത സിനിമയിലേക്ക് ചുവടുവച്ചു. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊക്കൈയൊപ്പം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. പലതലമുറകള്‍ക്കുമൊപ്പം വേഷമിട്ട് 550 ലേറെ കഥാപാത്രങ്ങളെ വേദിയിലെത്തിച്ചശേഷമാണ് വിടവാങ്ങല്‍.

അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.

1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കുന്നത്. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ലളിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി. സി.പി.എമ്മിനോട് ചേര്‍ന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അക്കാദമിയുടെ ചെയര്‍പഴ്സനായിരുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here