അടിയന്തരാവസ്ഥയും , ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇനി സ്‌ക്രീനില്‍ ; ഇന്ദിരാഗാന്ധിയായി കങ്കണ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം തിരശ്ശിലയിലെത്തിക്കാന്‍ കങ്കണ റണാവത്ത്. സായ് കബീര്‍ (റിവോള്‍വര്‍ റാണി ഫെയിം) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കങ്കണ റണൗട്ടിന്റെ മണികര്‍ണിക ഫിലിംസാണ്. ഇന്ദിര ഗാന്ധിയുടെ ബയോപിക്കല്ല ചിത്രമെന്നും പേര് പുറത്തുവിട്ടിട്ടില്ലെന്നും കങ്കണ അറിയിച്ചു.

അടിയന്തിരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളടക്കം ചിത്രത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ‘പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇന്ദിരഗാന്ധിയുടെ ബയോപിക് അല്ല ചിത്രം. ഒരു മഹത്തായ കാലഘട്ടത്തെ എന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കും’, കങ്കണ പ്രസ്താവനയില്‍ അറിയിച്ചു.

ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുമെന്ന് കങ്കണ പറഞ്ഞു.ചിത്രത്തിന്‍റെ തിരക്കഥാ ജോലികള്‍ അവസാനഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ കങ്കണ ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാന്‍ തന്‍റെ തലമുറക്ക് സിനിമയിലൂടെ സാധിക്കുമെന്ന് അറിയിച്ചു. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നീ വേഷങ്ങളില്‍ ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ ഭാഗമാകുമെന്നും അറിയിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നമുക്ക് ലഭിച്ച ഏറ്റവും മികച്ച നേതാവിന്റെ വേഷം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും നടി പറഞ്ഞു.’ഇത് എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആണ്, എന്നാല്‍ ഏതെങ്കിലും ഒരുനാള്‍ സ്‌ക്രീനില്‍ ഒരു ഐക്കണിക് ലീഡറായി അഭിനയിക്കുമെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.’, കങ്കണ ട്വിറ്ററില്‍ കുറിച്ചു. ഏത് രചനയെ അടിസ്ഥാനമാക്കിയതാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതെന്ന് പറഞ്ഞിട്ടില്ലെങ്കിലും ‘ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ’ എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here