ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ത്രില്ലറായി ‘ജനഗണമന’. റിപ്പബ്ലിക്ക് ദിനത്തിൽ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഉദ്വേഗഭരിതമായ പ്രൊമോ പുറത്തിറക്കി. ക്വീൻ സംവിധായകൻ ടിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.
ഒരു പോലീസുകാരനും കുറ്റവാളിയും തമ്മിലെ ചോദ്യംചെയ്യൽ വേളയാണ് രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസുകാരന്റെ ചോദ്യം ചെയ്യലിൽ ‘സുഖമായി ഊരിപ്പോരും’ എന്ന് പറയുന്ന കുറ്റവാളിയായി എത്തുന്നത് പൃഥ്വിരാജും പോലീസുകാരന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടുമാണ്.
‘ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാ സാറേ ഇത്…’ എന്ന ഡയലോഗാണ് ഈ പ്രൊമോയിൽ പഞ്ചിനായി ഉൾപ്പെടുത്തിയിരിക്കുന്നത്.എറണാകുളത്തു ചിത്രീകരണം ആരംഭിച്ച ‘ജനഗണമന’ ഇനിയും ഷൂട്ടിംഗ് പൂർത്തിയാക്കാത്ത ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് പൃഥ്വിരാജ് കോവിഡ് പോസിറ്റീവ് ആവുന്നതും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പൃഥ്വി കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തു.
ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ഛായാഗ്രഹണം: സുദീപ് ഇളമൺ, സംഗീതം: ജെയ്ക്സ് ബിജോയ്. ഈ വർഷം പകുതിയോടു കൂടി തിയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് ‘ജനഗണമന’. ലോക്ക്ഡൗൺ നാളുകളിൽ ജോർദാനിൽ ‘ആടുജീവിതം’ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് വേഷമിട്ട ചിത്രമാണ് ജനഗണമന