സല്ല്യൂട്ട് ഒടിടിക്കു നല്‍കിയ ദുല്‍ഖറിനെ വിലക്കി ഫിയോക്, ഹേസിനാമികയ്ക്കും വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിനും ഭീഷണി

കൊച്ചി | പുതിയ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദുല്‍ഖര്‍ സല്‍മാനുമായി സഹകരിക്കില്ലെന്നു തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഇതോടെ നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന തമിഴ് ചിത്രം ഹേസിനാമികയുടെയും വരാനിരിക്കുന്ന തെലുങ്കു ചിത്രത്തിന്റെയും ഭാവി ആശങ്കയിലായി.

ഈ മാസം 18നാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖറിന്റെ സല്ല്യൂട്ട് ഒ.ടി.ടിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു ധാരണകളുടെ ലംഘനമാണെന്നാണ് തീയര്‍ ഉടമകളുടെ നിലപാട്. ജനുവരി 14നു സല്ല്യൂട്ടിന്റെ തീയേറ്റര്‍ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നു. പോസ്റ്ററുകള്‍ പതിക്കുകയും ബുക്കിംഗ് സ്വീകരിക്കുകയും ചെയ്തിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് പിന്നീട് റീലീസ് മാറ്റിവച്ചു. പിന്നാലെയാണ് ചിത്രം മാര്‍ച്ച് 18നു സോണി ലിവില്‍ എത്തുമെന്ന പ്രഖ്യാപനമുണ്ടായത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫറര്‍ ഫിലിംസാണ് സല്ല്യൂട്ട് നിര്‍മ്മിക്കുന്നത്.

വിലക്ക് എത്രനാളത്തേക്കെന്നു വ്യക്തമാക്കിയിട്ടില്ല. 31നു നടക്കുന്ന ഫിയോക് നിര്‍വാഹക സമിതി യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയാകും. ദുല്‍ഖറിന്റെ തമിഴ് ചിത്രം ഹേ സിനാമികയുടെ പ്രദര്‍ശനം തീയേറ്ററുകളില്‍ തുടരുകയാണ്. വിലക്കുമായി സംഘടന രംഗത്തെത്തിയതോടെ ചിത്രത്തിന്റെ പ്രദര്‍ശനം ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന തെലുങ്ക് സിനിമയുടെ കേരളത്തിലെ റിലീസിന്റെ കാര്യത്തിലും ഇതോടെ പ്രതിസന്ധി ഉടലെടുക്കും. ലോക്ഡൗണ്‍ പ്രതിസന്ധിക്കിടയില്‍ സല്‍മാന്റെ കുറുപ്പ് തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here