കേരളം, തമിഴ്നാട്, പുതുച്ചേരി അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി തന്നെ പാലിച്ച് സജ്ജീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്.
കോൺഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരിനിറങ്ങുന്ന തമിഴ്നാട്ടിൽ ഇത്തവണ മത്സരം കടുത്തതാണ്. പ്രമുഖ മുന്നണികൾക്ക് വെല്ലുവിളി ഉയര്‍ത്തി കമൽ ഹാസന്റെ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നും കമൽഹാസനും ജനവിധി തേടുന്നുണ്ട്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തിയിരുന്നു. രജനീകാന്ത്, കമൽ ഹാസൻ, മക്കളായ അക്ഷര, ശ്രുതി, അജിത് ഭാര്യ ശാലിനി എന്നിവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ വോട്ട് ചെയ്യാനെത്തി ശ്രദ്ധ നേടിയത് നടൻ വിജയ് ആണ്. സൈക്കിളിലാണ് താരം പോളിംഗ് ബൂത്തിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. താരത്തെ കണ്ടതോടെ ആവേശത്തിൽ നിയന്ത്രണം വിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.