മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ദൃശ്യം 2 . ചിത്രത്തിൻ്റെ പുത്തൻ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രം ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് ട്രെയിലർ പുറത്ത് വിട്ടുകൊണ്ട് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. ഈ മാസം എട്ടിന് സിനിമയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്യുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സിനിമയിൽ ആശ ശരത്, മുരളി ഗോപി, മീന, സിദ്ദിഖ്, അൻസിബ, എസ്തർ അനിൽ, സായികുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. ഈ പതിപ്പിൽ ജോർജ്ജ്കുട്ടി തീയേറ്റർ ഉടമയായാണ് എത്തുന്നത്, മൂത്തമകൾ അഞ്ജു വീട്ടിലുണ്ടെന്നും ഇളയവൾ അനു ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണെന്നും ട്രെയിലറിലൂടെ വ്യക്തമാക്കുന്നു.
ചിത്രത്തിൽ ദുരൂഹതകളുണ്ടെന്നും ആദ്യ കേസിൻ്റെ ചുവടുപിടിച്ചാണ് രണ്ടാം ഭാഗത്തിൻ്റെ കഥ വികസിക്കുന്നതെന്നും ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. ‘ആവശ്യമില്ലാത്ത ടെൻഷൻ നമ്മളെ അപകടത്തിലാക്കും’ എന്നും ‘മരണം വരെ പോലീസുകാർ കൂടെയുണ്ടാകും’ എന്നും ജോർജ്ജ്കുട്ടി പറയുന്ന ഡയലോഗുകളാണ് ട്രെയിലറിൽ ശ്രദ്ധാകേന്ദ്രം.