ദൃശ്യം 2 ഉടൻ വരുന്നു; ട്രെയ്‌ലർ റിലീസ് പ്രഖ്യാപനവുമായി മോഹൻലാൽ

മോഹൻലാൽ ചിത്രം ദൃശ്യം 2 ട്രെയ്‌ലർ ഉടൻ തന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ട്രെയ്‌ലർ റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തു. ഫെബ്രുവരി എട്ടാം തിയതിയാവും ട്രെയ്‌ലർ പ്രേക്ഷകരിൽ എത്തുക. ശേഷം സിനിമയും ഇതേ മാസം തന്നെ പുറത്തിറങ്ങും എന്നാണ് സൂചന. ആദ്യം ജനുവരി 26ന് തിയേറ്റർ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ്-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിന്റെ ദൃശ്യം രണ്ടാം ഭാഗം.

സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല. ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നായിരുന്നു നിയന്ത്രണം. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.

ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.

സിനിമ 2013ൽ ഇറങ്ങിയ ശേഷം എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം തിയതി ദൃശ്യം സിനിമയെ പ്രേക്ഷകർ ഓർക്കാറുണ്ട്. റിലീസ് തിയതിയല്ല, മറിച്ച് സിനിമയുടെ ഒരു പ്രധാന മുഹൂർത്തമാണ് ഇത്. ജോർജ് കുട്ടിയും കുടുംബവും ധ്യാനം കൂടാൻ പോയി എന്ന കഥയിലെ നിർണ്ണായക മുഹൂർത്തം നടന്നതായി പറയപ്പെടുന്നത് ഈ ദിവസമാണ്. വരുൺ എന്ന വില്ലൻ കഥാപാത്രത്തിന്റെ മരണം മറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനു പിന്നിൽ.

ജോർജുകുട്ടിയുടെ കേബിൾ കട, സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള സെറ്റ് കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തൽ തൊടുപുഴയിൽ സജ്ജമാക്കിയിരുന്നു. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ എന്നിവുയെ ഇവിടെ ഒരുക്കിയിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെയാണ് ചിത്രീകരിച്ചത്. ഈ സെറ്റ് അവസാനം പൊളിച്ചു മാറ്റി.

സിനിമയ്ക്ക് മുന്നോടിയായി മോഹൻലാൽ ആയുർവേദ ചികിത്സ തേടിയിരുന്നു. സ്ഥിരമായി ആയുർവേദ ചികിത്സ ചെയ്ത് ആരോഗ്യം കാത്തുസൂക്ഷിക്കുന്ന പതിവ് മോഹൻലാലിനുണ്ട്. ഇതിനു ശേഷമാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here