ബോബി ചെമ്മണ്ണൂര്‍ എന്നുകേട്ടാലേ നവമാധ്യമങ്ങളില്‍ ആദ്യം ചിരിപടരുമായിരുന്നു. ചിരിപടര്‍ത്താന്‍ വേണ്ടി തന്നെയാണ് ഈ ലോക്ഡൗണ്‍ കാലത്ത് താന്‍ പലവിധ നമ്പരുകള്‍ കാട്ടുന്നതെന്നും ട്രോളന്മാര് തന്നെ കളിയാക്കുന്നതാണെങ്കിലും ആളുകളില്‍ ചിരി പടര്‍ത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. എന്നാലിപ്പോള്‍ ചിരി മാറി, നവമാധ്യമങ്ങളില്‍ ബോബിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം പതിന്മടങ്ങായിത്തീര്ന്നിരിക്കുകയാണ്.
നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ആ ഭൂമി സ്വന്തംകാശുകൊടുത്ത് വാങ്ങി നല്കാന് ശ്രമിച്ച ബോബി ചെമ്മണ്ണൂരിന് കൈയ്യടിക്കുകയാണ് കേരളം. നിയമപരമായി അവകാശമുണ്ടെന്ന് പറയുന്ന വീട്ടമ്മയായ വസന്തയില്‍ നിന്നും കാശുകൊടുത്ത് ആ മൂന്നുസെന്റ് വാങ്ങിയശേഷം കുട്ടികള്‍ക്ക് കൈമാറാനായിരുന്നു ചെമ്മണ്ണൂരിന്റെ ശ്രമം. എന്നാല്‍ ആ ഭൂമിയില്‍ നിയമപരമായ അവകാശം വസന്തയ്ക്കില്ലെന്നും ബോബിയെ വ്യാജപട്ടയം കാട്ടി വസന്ത പറ്റിക്കുകയുമാണെന്നാണ് മരണപ്പെട്ട രാജന്റെയും അമ്പളിയുടെയും മക്കള്‍ ബോബിയെ അറിയിച്ചത്. സര്‍ക്കാര്‍ ഭൂമിയായതിനാല്‍ അത് നിയമപരമായി നല്‍കേണ്ടത് സര്‍ക്കാരാണെന്നും ബോബിയുടെ നല്ല മനസിന് നന്ദിയെന്നും കുട്ടികള്‍ അറിയിച്ചു. വ്യാജപട്ടയം കാട്ടിയാണ് വസന്ത ഭൂമി തനിക്ക് വിറ്റതെങ്കില്‍ ബാക്കികാര്യം നിയമപരമായി നോക്കിക്കോളാമെന്നായിരുന്നു ബോബിയുടെ പ്രതികരണം.
ശാശ്വതമായ ഒരു പരിഹാരം കാണാന്‍ തന്റെ പ്രവര്‍ത്തിയിലൂടെ ശ്രമിച്ച ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് അസോസിയേഷനുകളുടെ എണ്ണം ഇനിയും കൂടിവരുമെന്നാണ് സൂചന. നവമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. ബോബി ചെമ്മണ്ണൂര്‍ എന്നതിന്റെ ചുരുക്കപേരായി സ്നേഹപൂര്‍വ്വം അവര്‍ അദ്ദേഹത്തെ ‘ബോ ചെ’ എന്നാണ് പേരിട്ടത്. നിരവധി രസകരമായ ട്രോളുകളും ബോബിയെ പ്രകീര്‍ത്തിച്ച് നവമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുമുണ്ട്.