മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വ’ത്തിന് ഇന്ന് തുടക്കം; ക്ലാപ്പടിച്ച് ജ്യോതിർ‍മയിയും നസ്രിയയും

ബിഗ് ബി’ എന്ന സ്റ്റൈലിഷ് സിനിമയ്ക്ക് ശേഷം മമ്മൂട്ടി – അമൽ നീരദ് കൂട്ടുകെട്ട് 14 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രം ‘ഭീഷ്മ പർവ്വം – The Book of Bheeshma’ ഇന്ന്(ഫെബ്രുവരി 21) കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങി. അമൽ നീരദിന്‍റെ ഭാര്യയും നടിയുമായ ജ്യോതിര്‍മയിയും നടി നസ്രിയയും ചേര്‍ന്നാണ് ക്ലാപ്പടിച്ചത്. നടൻ ഫഹദ് ഉൾപ്പെടെ നിരവധി പേർ സ്വിച്ച് ഓണിനായി എത്തിയിരുന്നു.

ദേവദത്ത് ഷാജി, രവി ശങ്കർ , ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിന്‍റെ വാര്‍ത്തകള്‍ക്കായി ആരാധകര്‍ കൊതിച്ചിരുന്ന സമയത്തായിരുന്നു ബിലാലിന് മുമ്പ് ഭീഷ്മ പര്‍വ്വം ചെയ്യുന്നുവെന്ന് വാര്‍ത്ത അമൽനീരദ് പുറത്തുവിട്ടത്. കൊറോണ വ്യാപനത്തെ തുടർന്ന് ബിലാലിന്‍റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിരവധി രംഗങ്ങള്‍ ചിത്രീകരിക്കേണ്ടതിനാലണത്.

ഭീഷ്മ പര്‍വ്വത്തിന്‍റേതായി പുറത്തുവന്ന മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പിലുള്ള പോസ്റ്റര്‍ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. സിനിമയിൽ ഒരു ഗ്യാങ്സ്റ്ററുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന. ബോളിവുഡ് നടന്മാരായ ഹൃഥ്വിക് റോഷൻ, രൺവീർ സിംഗ് തുടങ്ങിയവരുടെ ഹെയർ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയ്ക്കായ് ഹെയർ സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്.

കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് മമ്മൂട്ടി മുടിയും താടിയും വളര്‍ത്തി തുടങ്ങിയത്. അത് ഈ സിനിമയ്ക്കുവേണ്ടിയായിരുന്നുവെന്ന് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴാണ് ഏവർക്കും മനസ്സിലായത്. മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒരുമിച്ച ബിഗ് ബി മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളുടെ ഗണത്തിലുള്ള ചിത്രമാണ്. സിനിമയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കൽ എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ട നായകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here