മോഹന്‍ലാല്‍ നായകനായെത്തുന്ന ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. കറുത്ത ഷര്‍ട്ടും മുണ്ടും അണിഞ്ഞ് മാസ് ആക്ഷന്‍ ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളും ഒപ്പം കോമഡിയുമെല്ലാം കൂടിച്ചേര്‍ന്ന മികച്ച ഒരു മോഹന്‍ലാല്‍ ചിത്രമാകും ആറാട്ട് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ആറാട്ടിലുള്ള ഒരു ആക്ഷന്‍ രംഗത്തിന്റെ സ്റ്റില്ലാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ പിന്നിലായി കറുത്ത ബെന്‍സും കാണാം. രാജാവിന്റെ മകന് എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255’ എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കാനായി 2255 എന്ന നമ്ബറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപന് നെയ്യാറ്റിന്‍കര എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സിദ്ദിഖ്, സായ്കുമാര്, ഇന്ദ്രന്‍സ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.