ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ മലയാളി നടി അനുപമ പരമേശ്വരനുമായി പ്രണയത്തിലാണെന്ന് കുറേ കാലം മുമ്പ് ഗോസിപ്പുകൾ വന്നിരുന്നു. ഇത് നിഷേധിക്കാനോ അംഗീകരിക്കാനോ ഇരുവരും ഇതുവരെ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിനിടെയാണ് അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് ബുംറ ബ്രേക്ക് എടുത്തത്. ബുംറ വിട്ടുനിന്നത് വിവാഹത്തിനായാണ് എന്ന വാർത്തകൾ വരാൻ തുടങ്ങി. ഇതോടെ അനുപമ പരമേശ്വരനാണ് ജസ്പ്രിത് ബുംറയെ വിവാഹം കഴിക്കുന്നതെന്ന അഭ്യൂഹങ്ങളും ശക്തമായി. ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകുകയും ചെയ്തു. അതിനിടെ വിവാഹത്തെക്കുറിച്ച് ആരാധകർക്ക് കൂടുതൽ ജിജ്ഞാസയുണ്ടാക്കുന്ന തരത്തിൽ അനുപമ പരമേശ്വരൻ സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റും ഇട്ടു. ദ്വാരകയിലേക്കാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു നടിയുടെ പോസ്റ്റ്.
ഏതായാലും അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അനുപമയുടെ കുടുംബം ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ജസ്പ്രിത് ബുംറയെ അനുപമ പരമേശ്വരൻ വിവാഹം കഴിക്കുമെന്ന വാർത്ത കുടുംബം നിഷേധിച്ചു. ഇപ്പോൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടി വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഷൂട്ടിംഗിനായി അനുപമ ഗുജറാത്തിലുണ്ടെന്നും വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങൾക്ക് സത്യമില്ലെന്നും കുടുംബം ഒരു മലയാള വെബ്സൈറ്റിനോട് പറഞ്ഞു. ഈ കിംവദന്തികളെ കുടുംബം ഗൗരവമായി കാണുന്നില്ലെന്ന് അനുപമയുടെ അമ്മ വ്യക്തമാക്കി.
അനുപമ നിലവിൽ അഥർവയുടെ താലി പോഗത്തേ എന്ന ചിത്രത്തിലാണ് അഭിയിച്ചുകൊണ്ടിരിക്കുന്നത്. കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഷ് പ്രധാൻ, കാളി വെങ്കട്ട്, ജഗൻ, വിദ്യുല്ലേഖ രാമൻ, നരേൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.
ജസ്പ്രിത് ബുംറ ഉടൻ വിവാഹിതനാകുമെന്ന സൂചന ബി സി സി ഐ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പിനായി അവധി എടുത്തിട്ടുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. “താൻ വിവാഹിതനാകാൻ പോകുകയാണെന്ന് താരം ബി സി സി ഐയെ അറിയിക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾക്കായാണ് അവധി എടുക്കുന്നതെന്നും ജസ്പ്രിത് ബുംറ ബി സി സി ഐയെ അറിയിക്കുകയും ചെയ്തു,” ബി സി സി ഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.