യുഡിഎഫിന് ഇനി പരീക്ഷണകാലം. ഇത്രയേറെ രാഷ്ട്രീയസാഹചര്യങ്ങള്‍ അനുകൂലമായിട്ടും പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിന്റെ ക്ഷീണം യു.ഡി.എഫിനെ അലട്ടും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആധിപത്യം തിരിച്ചുപിടിച്ച ഇടതുപക്ഷത്തെ നേരിടാന്‍ ഇതുവരെ എടുത്ത തന്ത്രങ്ങളൊന്നും ഫലിച്ചില്ലെന്നതും തിരിച്ചടിയായി.
ബി.ജെ.പിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായെന്നു പറയാമെങ്കിലും പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ആശ്വസിക്കാവുന്ന നിലയിലുള്ള പ്രകടനം കാഴ്ചവയ്ക്കാനായില്ല. ജോസഫ് പക്ഷത്തിനൊപ്പം നിന്ന് ജോസ് കെ. മാണിയെ ഒഴിവാക്കിയ നിലപാടും തിരിച്ചടിയായി. എം.എം. ഹസ്സന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുനിന്ന നിലപാടും ഇനി പുനപരിശോധിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ലൈഫ് പദ്ധതി റദ്ദാക്കുമെന്ന എം.എം. ഹസന്റെ പ്രഖ്യാപനവും കനത്ത പതനത്തിലേക്കാണ് യു.ഡി.എഫിനെ എത്തിച്ചത്.
ബ്ളോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചു. കൊച്ചി കോര്‍പറേഷനിലും കടുത്ത വെല്ലുവിളി ഉയര്‍ത്തി ഇടതുപക്ഷ മുന്നേറ്റമുണ്ടായതും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. കോട്ടയം നഗരസഭയിലും യു.ഡി.എഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു. ജോസ് കൂട്ടുകെട്ടിലൂടെ മികച്ചനേട്ടമാണ് ഇടതുപക്ഷം നേടിയത്.