കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ച് വൈദികള്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങള്‍ തുറന്നുകാട്ടി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകത്തില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിനുശേഷം തനിക്കുനേരെ നാലു തവണ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വിവരിക്കുന്നു.

വൈദികരില്‍നിന്നാണ് തനിക്കു നാലു തവണയും ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്. ബാംഗ്ലൂര്‍ ധര്‍മ്മാരാമത്തിലെ വൈദികപഠനകാലത്തെ സഹപാഠിയില്‍നിന്നായിരുന്നു ആദ്യ സാക്ഷ്യമെന്നും സിസ്റ്റര്‍ പറയുന്നു.

മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകം ആരോപിക്കുന്നുണ്ട്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകം പറയുന്നു. ചില മഠങ്ങളില്‍ നിന്ന് യുവതികളെ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിടുന്ന പതിവുണ്ട്. അവര്‍ അസാധാരണ വൈകൃതങ്ങളെ നേരിടേണ്ടി വരുന്നു. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു.

സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നു സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. ഇതിലുള്ള സിസ്റ്ററുടെ അപ്പീലുകള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് കത്തോലിക്കാ സഭയില്‍ വന്‍പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സിസ്റ്ററുടെ ആത്മകഥ പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here