എല്ലാവരും ഒരു കുഞ്ഞിനായി കാത്തിരുന്നു; സന്തോഷം തല്ലിക്കെടുത്താതിരിക്കാന്‍ ഗര്‍ഭിണിയായി അഭിനയിച്ചു

0

ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ കാണാതായ സംഭവത്തിന്റെ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. എസ്.എ.ടി. ആശുപത്രിയില്‍ നിന്നും ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കടന്ന കിളിമാനൂര്‍ സ്വദേശി ഷംനയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ നിസഹായതയുടെ കഥയാണ് ഷംനയ്ക്ക് പറയാനുള്ളത്.

ആദ്യ ഗര്‍ഭം അലസിയെങ്കിലും രണ്ടാമതും ഗര്‍ഭംധരിച്ചതോടെ വീട്ടുകാര്‍ സന്തോഷത്തിലായിരുന്നു. എല്ലാവരും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു. ഇതിനിടയിലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നത്. വീണ്ടും ഗര്‍ഭം അലസിയെന്ന വാര്‍ത്ത പുറത്തുപറയാന്‍ തോന്നിയില്ല. അത്രയ്ക്കും സന്തോഷത്തിലായിരുന്നു ഭര്‍ത്താവും ബന്ധുക്കളും. അതുകൊണ്ടുതന്നെ ഷംന ഇക്കാര്യം മറച്ചുവച്ചു. വയര്‍ ഇല്ലല്ലോ എന്ന് സ്ത്രീകള്‍ അടക്കം പറഞ്ഞു. കുട്ടിക്ക് ഭാരം കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

ഒരുനാള്‍ ഈ സത്യം അവരറിയും, ബന്ധുക്കളുടെ പ്രതികരണം എങ്ങനെയാകുമെന്ന് ചിന്തിക്കാന്‍പോലും കഴിയാതെ ഷംന കുഴങ്ങി. ഒടുവില്‍ മരിക്കാന്‍ തീരുമാനിച്ചുറച്ചാണ് ആശുപത്രിയില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചത്. ചെന്നൈവരെ സഞ്ചരിച്ചു. പത്രവാര്‍ത്തകണ്ടവര്‍ ഷംനയെ തിരിച്ചറിഞ്ഞു. ആശ്വസിപ്പിച്ച ചിലര്‍ തിരികെപോകാന്‍ നിര്‍ബന്ധിച്ചു. ആത്മഹത്യ ചെയ്യാനിറങ്ങിത്തിരിച്ചെങ്കിലും ഭര്‍ത്താവിനെയോര്‍ത്തപ്പോള്‍ കഴിഞ്ഞില്ല. അങ്ങനെയാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ഷംന പോലീസിനോട് പറഞ്ഞത്. യുവതിയെയും ബന്ധുക്കളേയും കൗണ്‍സിലിങ്ങിന് വിധേയരാക്കിയിട്ടുണ്ട്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിശേഷം ഷംനയെ ബന്ധുക്കളോടൊപ്പം വിട്ടു. എങ്കിലും സംഭവത്തിന്റെ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഷംനയെ കാണാതായ ദിവസം ബന്ധുക്കള്‍ എസ്.എ.ടി ആശുപത്രിയില്‍ ബഹളംവച്ചിരുന്നു. ജീവനക്കാരോട് ചിലര്‍ ക്ഷോഭിച്ചു. അപമര്യാദയായി പെരുമാറിയെന്നുകാട്ടി ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതോടെ 35 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വാതിലുകള്‍ ചവിട്ടിപൊളിച്ചതായും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പ്ലഗ് നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here