കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ഡ്രൈവര്‍സീറ്റ് ആണുങ്ങളുടെ കുത്തകയാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തിലധികമായി ഒരു പെണ്‍കൊടി ആനവണ്ടിയെ നിയന്ത്രിക്കുന്നുണ്ട്. പെരുമ്പാവൂര്‍ സ്വദേശിനി വി.പി. ഷീലയാണ് ആ വനിത.

അഞ്ചുതവണ പരീക്ഷയെഴുതിയതിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഷീലയ്ക്ക് അവസരം ലഭിച്ചത്. കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഈ പണി ഏറ്റെടുക്കാനായതെന്നും ഷീല പറയുന്നു.

തോല്‍ക്കുകയാണെങ്കില്‍ വീണ്ടും വീണ്ടും പരിശ്രമിക്കുകയെന്നതുമാത്രമാണ് ഷീലയുടെ വിജയരഹസ്യം. മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ഉണ്ടെങ്കില്‍ സമൂഹത്തെ പേടിക്കാതെ മുന്നോട്ടുപോകാനാകുമെന്നും ഷീല പറയുന്നു.

2013-ല്‍ നാല്‍പതാംവയസിലാണ് ഷീല കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ വനിതാഡ്രൈവറായി ജോലിയിലെത്തിയത്. വര്‍ഷമിത്രയും കടന്നിട്ടും മറ്റൊരു വനിതയും വളയംപിടിക്കാനെത്തിയിട്ടുമില്ല.

വാര്‍ത്തകള്‍ വന്നതോടെ ഷീല ബസോടിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്നവരുണ്ട്. നവമാധ്യമക്കൂട്ടായ്മകളില്‍ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇതുവരെയും ഷീലയുടെ കൈപ്പിഴവ് കൊണ്ട് ഒരപകടവും നടന്നിട്ടില്ലെന്നും ഏക വനിതാഡ്രൈവറുടെ പാകത തെളിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here