റാന്നി: രാത്രിയില്‍ കിടപ്പുമുറിയുടെ നല്‍കമ്പി വളച്ചു സ്വര്‍ണ്ണമാല മോഷ്ടിച്ചയാളെ വീട്ടമ്മ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തൊഴിച്ചിട്ടു. ഒരുവിധത്തില്‍ രക്ഷപെട്ടിട്ട് നഷ്ടപ്പെട്ട മൊബൈല്‍ തേടി തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരുടെ വലയിലായി.

വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ ഭാര്യ ഷോജിയാണു കള്ളനെ പിന്തുടര്‍ന്നത്. അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പില്‍ ബാലേഷാണു(35) പിടിയിലായത്. പുലര്‍ച്ചെ മൂന്നോടെ ജനല്‍ കമ്പി വളച്ച് കിടപ്പുമുറിയില്‍ പ്രവേശിച്ച കള്ളന്‍ നാലര പവന്റെ മാലയാണ് കൈക്കലാക്കിയത്. ഷോജി ഉണര്‍ന്നത് തിരിച്ചറിഞ്ഞ കള്ളന്‍ സ്‌കൂട്ടറില്‍ പറപറന്നു.

ഭര്‍ത്താവിനെ അറിയിച്ചശേഷം സ്‌കൂട്ടറുമെടുത്ത് ഷോജി പിന്നാലെ ഓടി. നാലു കിലോമീറ്റര്‍ അകലെ ബാലേഷിനെ കണ്ടെത്തി തൊഴിച്ചിട്ടു. മല്‍പിടുത്തത്തിനിടെ, ഷോജിയുടെ വസ്ത്രം കീറിയതു മുതലാക്കി ബാലേഷ് രക്ഷപെട്ടു. എന്നാല്‍, കള്ളന്റെ മൊബൈല്‍ ഷോജിക്കു കിട്ടി. ഷോജിയുടെ ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും കള്ളന്‍ രക്ഷപെട്ടിരുന്നു. സ്ഥലത്തെത്തിയ ഭര്‍ത്താവിനൊപ്പം ഷോജി മടങ്ങി.

പുലര്‍ച്ചെ നടക്കാനിറങ്ങിയ പരിസരവാസി അജി പണിക്കരാണു സ്ഥലത്തു സംശയിക്കേണ്ട നിലയില്‍ ബാലേഷിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. ഷോജി എത്തി ആളെ തിരിച്ചറിഞ്ഞതോടെ പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here